തൊടുപുഴ: കേരളത്തിലെ സഹകരണ മേഖലയുടെ അടിത്തറ ശക്തമാണെന്നും വ്യാജ പ്രചാരണങ്ങൾക്ക് കേരളത്തിലെ സഹകാരികളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇതിനുള്ള മികച്ച തെളിവാണ് കഴിഞ്ഞ നിക്ഷേപസമാഹരണ യജ്ഞത്തിന്റെ വൻവിജയമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഗുണഭോക്താക്കൾക്കുള്ള റിസ്‌ക്ഫണ്ട് ധനസഹായ വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദന രംഗത്തടക്കം ജനസേവനം ആവശ്യമായി വരുന്ന എല്ലാ മേഖലകളിലും ഇന്ന് സഹകരണ സ്ഥാപനങ്ങൾ ചുവടുറപ്പിക്കുകയാണ്. മറ്റൊരു ബാങ്കിങ് മേഖലയിലും ലഭിക്കാത്ത സേവനങ്ങളാണ് കേരളത്തിലെ സഹകരണ മേഖല ജനങ്ങൾക്ക് ഉറപ്പുവരുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ കൂട്ടായ്മയിലൂടെ സഹകരണമേഖല ഇനിയും മുന്നോട്ട് തന്നെ പോകുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ പി. ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാർ ടി .വി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലയിലെ വിവിധ സഹകരണ ബാങ്ക് സംഘങ്ങൾ എന്നിവിടങ്ങളിൽ നിന്നും വായ്പയെടുത്ത ശേഷം മരണപ്പെടുകയോ മാരകരോഗം ബാധിക്കുകയോ ചെയ്തിട്ടുളളവർ, ആശ്രിതർ എന്നിവർ നൽകിയിട്ടുളള അപേക്ഷകളിൽ അർഹരായ 311 പേർക്ക് 2,14,66,550 രൂപ ചടങ്ങിൽ വിതരണം ചെയ്തു.

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ ശശീന്ദ്രൻ, സംസ്ഥാന കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡ് ചെയർമാൻ ആർ.തിലകൻ, ബോർഡ് മെമ്പർ കെ. വി ശശി , സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ വി. വി മത്തായി, ഒ.ആർ ശശി, വിവിധ സഹകരണ സംഘം ഭരണ സമിതി അംഗങ്ങൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , സഹകാരികൾ എന്നിവർ പങ്കെടുത്തു.