ചെറുതോണി: കുടയത്തൂർ ഗ്രാമപഞ്ചായത്തിലെ കാഞ്ഞാർ പാലത്തിന്റെ ഒരു വശത്ത് നടപ്പാലം നിർമ്മിക്കുന്നതിനായി 3.61 കോടി രൂപയുടെ അനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തൊടുപുഴപുളിയൻമല റോഡിലെ പ്രധാന പാലമാണ് കാഞ്ഞാർ പാലം. പാലത്തിന്റെ വീതിക്കുറവും വാഹനങ്ങളുടെ തിരക്കും മൂലം പാലത്തിലൂടെയുള്ള യാത്ര ദുർഘടമായിരുന്നു. തുടർന്നാണ് നടപ്പാത വേണമെന്ന ആവശ്യം ഉയർന്നത്.

ഒരേസമയം കൂടുതൽ നടപ്പുയാത്രക്കാർക്ക് കടന്നുപോകുന്ന വിധം വീതികൂട്ടിയാകും നടപ്പാലം നിർമ്മിക്കുകയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പാലം നിർമ്മിക്കുന്നതിനു മുന്നോടിയായി സ്ഥലത്തെ മണ്ണിന്റെ ബലക്ഷമത പരിശോധന, നടപ്പാലത്തിന്റെ ഡിസൈനിംഗ് എന്നിവയ്ക്ക് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അനുമതി നേടിയിരുന്നു. തുടർന്നാണ് 3.61 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചിത്.

ടൂറിസം മേഖലയായ വാഗമൺ, മൂന്നാർ മേഖകളിലേക്കും ജില്ലാ ആസ്ഥാനത്തേക്കും യാത്ര ചെയ്യുന്നതിന് ഉപയോഗിക്കുന്ന പ്രധാന പാതയാണിത്. ഈ റോഡിന്റെ ഭാഗമായതും വാഗമണിലേക്ക് പോകുന്നതുമായ അശോകക്കവലമൂലമറ്റംകോട്ടമല റോഡിന് 6.80 കോടി രൂപ അനുവദിച്ചിരുന്നു. കാഞ്ഞാർ പാലം കൂടെ പൂർത്തിയാകുന്നതോടെ ഇതുവഴിയുള്ള ഗതാഗതം സുഗമമായി മാറുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.