തൊടുപുഴ: നാട്ടുകാരുടെ മാസങ്ങൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ മാങ്കുളം ഡിഎഫ്ഒയ്ക്ക് സ്ഥാന ചലനം. കോട്ടയം സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്ററായാണ് കെ.ബി. സുഭാഷിനെ ഒടുവിൽ വനംവകുപ്പ് സ്ഥലംമാറ്റിയത്.
ഈ ചുമതലവഹിച്ചിരുന്ന ഷാൻട്രി ടോമാണ് പുതിയ മാങ്കുളം ഡിഎഫ്ഒ. മാങ്കുളത്ത് പഞ്ചായത്ത് നിർമിച്ച പവലിയൻ നിൽക്കുന്നത് വനംവകുപ്പ് ഭൂമിയിലാണെന്ന വാദവുമായി ഡിഎഫ്ഒ രംഗത്ത് വന്നതാണ് ആദ്യം വിവാദമായത്. ജനുവരി ആദ്യവാരമായിരുന്നു ഈ സംഭവം. പിന്നാലെ വലിയ ജനകീയ പ്രതഷേധം വിഷയത്തിൽ അവിടെയുണ്ടായിരുന്നു. പിന്നീട് ജനുവരി അവസാനം ആനക്കുളം പള്ളിയിലെ പെരുന്നാളിനിടെ പടക്കം പൊടിച്ചപ്പോൾ ആനവിരണ്ടോടി എന്ന് പറഞ്ഞ് പള്ളി വികാരിയെ ഡിഎഫ്ഒ അസഭ്യം പറഞ്ഞതായി ആക്ഷേപം ഉയർന്നിരുന്നു.
ഈ വിഷയത്തിൽ പള്ളി വിശ്വാസികളും പ്രതഷേധവുമായെത്തി. മലയാറ്റൂർ ഡിവിഷന് കീഴിലാണ് ഈ രണ്ട് സംഭവവും ഉണ്ടായതെങ്കിലും അധികാര പരിധി മറികടന്ന് ഡിഎഫ്ഒ വിഷയത്തിൽ ഇടപെടുകയായിരുന്നു. എന്നാൽ ഇയാളുടെ സ്ഥലമാറ്റം നീണ്ട് പോയതോടെ ഇടത് മുന്നണിയിൽ നിന്നടക്കം വലിയ പ്രതഷേധം ഉയർന്നിരുന്നു. സുബാഷിനെ സ്ഥലം മാറ്റണമെന്നതുൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് മാങ്കുളം ജനകീയ സമിതി കഴിഞ്ഞ രണ്ടുദിവസമായി സമരത്തിലായിരുന്നു.