fg

കാട്ടാനകളുടെ സ്വന്തം നാടായി വനാതിർത്തികളിലെ ജനവാസ മേഖല മാറുമ്പോൾ ജീവൻ രക്ഷിക്കാൻ നാടുവിടേണ്ട ഗതികേടിലാണ് മലയോര ജനത. കാട്ടാനകൾ യാതൊരു കരുണയുമില്ലാതെ കുടിയേറ്റ കർഷകരെയും തോട്ടം തൊഴിലാളികളെയും വേട്ടയാടുമ്പോൾ കൈയും കെട്ടി നോക്കിയിരിക്കുകയാണ് വനംവകുപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ. മുമ്പ് വല്ലപ്പോഴുമാണ് വന്യജീവി ആക്രമണങ്ങളിൽ മനുഷ്യർ കൊല്ലപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ ദൈനംദിന സംഭവമായി മാറി.

ഈ വർഷം കേരളത്തിൽ കാട്ടാനയാക്രമണത്തിൽ ഏറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെട്ടത് ഇടുക്കി ജില്ലയിലാണ്. രണ്ടു സ്ത്രീകളക്കം അഞ്ചുപേർ. മൂന്നാർ വനം ഡിവിഷനു കീഴിലെ തോട്ടം മേഖലയിലാണ് ഇതിൽ നാലു മരണങ്ങളും. തിങ്കളാഴ്ച കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണനാണ് ജില്ലയിലെ ഏറ്റവും ഒടുവിലത്തെ ഇര. അരിക്കൊമ്പനെ നാടുകടത്തിയ ശേഷം പടയപ്പയും ചില്ലിക്കൊമ്പനും ചക്കക്കൊമ്പനും അടക്കമുള്ള കാട്ടാനകളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. പടയപ്പ, ചുള്ളികൊമ്പൻ, ചക്കക്കൊമ്പൻ, മുറിവാലൻ തുടങ്ങി പല പേരുകളിൽ പത്തിലേറെ കൊമ്പനാനകളാണ് തോട്ടം മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുന്നത്. ഏറെ വിനാശികാരിയായിരുന്ന അരികൊമ്പനെ നാടുകടത്തിയ പോലെ കൊലയാളി ആനകളെയും പിടികൂടി നാട് കടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വെള്ളാനയായി

വനംവകുപ്പ്

ആനക്കലിയിൽ പ്രിയപ്പെട്ടവരുടെ ജീവനുകൾ ഒന്നൊന്നായി നഷ്ടമാകുമ്പോഴും സർക്കാരും വനം വകുപ്പും നിസംഗത പാലിയ്ക്കുന്ന സ്ഥിതിയാണുള്ളത്. കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വനംവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. വേനലിൽ കാട്ടിലെ നീർച്ചാലുകൾ വറ്റിയതും പച്ചപ്പ് കുറയുന്നതുമാണ് വന്യമൃഗങ്ങൾ ഇരതേടി നാട്ടിലേക്കിറങ്ങാൻ പ്രധാന കാരണം. വനാതിർത്തികളിലെ കൃഷിയിടങ്ങളാണ് ഇവയുടെ മുഖ്യലക്ഷ്യം. വനാതിർത്തികളിൽ വന്യമൃഗങ്ങൾക്കായി കൃത്രിമ കുളമടക്കം നിർമ്മിച്ച് ഇവ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ കോടികളുടെ ഫണ്ട് സർക്കാർ അനുവദിക്കാറുണ്ടെങ്കിലും ഇത് ഫലപ്രദമായി വിനിയോഗിക്കുന്നില്ല.

വനാതിർത്തിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച വൈദ്യുതി വേലികളും ഉരുക്കുവടവും കിടങ്ങും എല്ലാം തന്നെ നാശത്തിലാണ്. നേരത്തെ വനത്തിൽ നിർച്ചാലുകൾ തടഞ്ഞ് തടയണയും ജല ലഭ്യതയുള്ള പ്രദേശങ്ങളിൽ കുളങ്ങളും വനപാലകർ നിർമ്മിക്കുമായിരുന്നു. ഇത്തരം പ്രവൃത്തികൾ രേഖയിൽ ഒതുങ്ങി. വാളറയിൽ വനം വകുപ്പ് ജീവനക്കാർ ഫയർ വാച്ചർമാരെ നിയമിച്ചതായി വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ നാല് വനംവകുപ്പ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു.

തോന്നിയ പോലെ

ഫണ്ട് വിനിയോഗം

2011- 2022 വരെയുള്ള 11 വർഷത്തിനിടെ മൂന്നാർ ഫോറസ്റ്റ് ഡിവിഷനിൽ മനുഷ്യ വന്യജീവി സംഘർഷമാെഴിവാക്കാനായി കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടിൽ ചെലവഴിച്ചത് വെറും 70 ലക്ഷം മാത്രമാണ്. ഇക്കാലയളവിൽ 42 പേരാണ് കാട്ടാന ആക്രമണത്തിൽ മൂന്നാർ ഡിവിഷനിൽ കാെല്ലപ്പെട്ടത്. കാട്ടാന ആക്രമണത്തിൽ മരണങ്ങളൊന്നും സംഭവിക്കാത്ത മാങ്കുളം ഡിവിഷനിൽ ചെലവഴിച്ച തുയാകട്ടെ 1.44 കോടി രൂപയും!

2019- 2022 കാലയളവിൽ പരിസ്ഥിതി പുനഃസ്ഥാപനം (എക്കോ റീസ്റ്റോറേഷൻ) പദ്ധതിക്കായി മൂന്നാർ ഡിവിഷനിൽ രണ്ടു കോടിയിലധികം ചെലവഴിച്ചു. യു.എൻ.ഡി.പി പദ്ധതിയിലൂടെ ജലസ്രോതസുകളുടെ നവീകരണം, വനമേഖലയിൽ പുല്ലുവച്ചു പിടിപ്പിക്കൽ, ആകർഷകമായ മരങ്ങൾ നട്ടു പിടിപ്പിക്കൽ തുടങ്ങിയവയെല്ലാം നടപ്പാക്കിയെന്നാണ് വനംവകുപ്പിന്റെ അവകാശവാദം. വന്യജീവികൾക്ക് കാട്ടിൽ ആഹാരമൊരുക്കാനാണ് പദ്ധതി നടപ്പിലാക്കിയതെന്നാണ് വനംവകുപ്പ് പറയുന്നതെങ്കിലും ജനവാസമേഖലയിലേക്കുള്ള ഇവയുടെ കടന്നുകയറ്റം കൂടുകയാണുണ്ടായത്.

കരയുന്ന കുഞ്ഞിന്

മാത്രം നഷ്ടപരിഹാരം

15 വർഷത്തിനിടെ 80ലധികം പേരാണ് വന്യജീവി ആക്രമണത്തിൽ ഇടുക്കി ജില്ലയിൽ കൊല്ലപ്പെട്ടത്. സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാറുണ്ടെങ്കിലും വിരളിലെണ്ണാവുന്നവർക്ക് മാത്രമാണ് പൂർണമായി ലഭിച്ചത്. കുടുംബാംഗങ്ങൾക്ക് വാഗ്ദാനം ചെയ്ത സ്ഥിര ജോലിയും ലഭിച്ചിട്ടില്ല.

അടിയന്തരസഹായമായി നൽകിയ അമ്പതിനായിരം രൂപ മാത്രമാണ് ചില കുടുംബങ്ങൾക്ക് ആകെ കിട്ടിയത്. രണ്ടു മാസത്തിനിടെ കൊല്ലപ്പെട്ട അഞ്ചുപേരിൽ പൂർണ നഷ്ടപരിഹാരം ലഭിച്ചത് ഫെബ്രുവരി 26ന് കൊല്ലപ്പെട്ട സുരേഷ്‌കുമാറിന്റെയും തിങ്കളാഴ്ച കൊല്ലപ്പെട്ട ഇന്ദിരയുടെയും കുടുംബത്തിനു മാത്രമാണ്. ജനപ്രതിനിധികളും നാട്ടുകാരും ശക്തമായി പ്രതിഷേധിച്ചതിനെത്തുടർന്നാണ് ജില്ലാ കളക്ടർ ഇടപെട്ട് സുരേഷ് കുമാറിന്റെയും ഇന്ദിരയുടെയും കുടുംബങ്ങൾക്ക് മണിക്കൂറുകൾക്കകം 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയത്.

ഈ വർഷം കാട്ടാന ആക്രമണത്തിൽ മരിച്ച പന്നിയാർ സ്വദേശി പരിമളം, കോയമ്പത്തൂർ സ്വദേശി പോൾ രാജ്, ചിന്നക്കനാൽ ബിഎൽ റാം സ്വദേശി വെള്ളക്കല്ലിൽ സൗന്ദർരാജൻ എന്നിവരുടെ കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരമായി 50,000 രൂപയാണ് നൽകിയിട്ടുള്ളത്.

2010ന് ശേഷം 44 പേരാണ് മൂന്നാർ ഫോറസ്റ്റ് ഡിവിഷനിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒന്നരകോടിയാണ് ഇവർക്ക് നഷ്ടപരിഹാരമായി അനുവദിച്ചത്. അതായത് ഒരു കുടുംബത്തിന് ശരാശരി മൂന്നര ലക്ഷം രൂപ പോലും കിട്ടിയിട്ടില്ല. 2023 ജനുവരി 25നാണ് വനംവകുപ്പ് താത്കാലിക വാച്ചർ ശക്തിവേൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശക്തിവേലിന്റെ കുടുംബത്തിനു 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു വനംമന്ത്രി ഉറപ്പ്. മകൾക്ക് സർക്കാർ ജോലിയും അധികൃതർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതുവരെ നഷ്ടപരിഹാരം പൂർണമായി ലഭിച്ചിട്ടില്ല. മരണത്തിന് പിന്നാലെയുണ്ടായ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. ഒരു മാസം മുമ്പ് മരുമകനെ വനംവകുപ്പിൽ താത്കാലിക വാച്ചറായി നിയമിച്ചത് മാത്രമാണ് ഏക ആശ്വാസം.

പണം കിട്ടാൻ

കടമ്പകളേറെ

വന്യജീവിയാക്രമണത്തിൽ കാെല്ലപ്പെട്ടവരുടെ കുടുംബത്തിനു അടിയന്തരമായി 50,000 രൂപയാണ് സർക്കാർ നൽകുന്നത്. വില്ലേജ് ഓഫീസിൽ നിന്നുള്ള ബന്ധുത്വ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ നാലര ലക്ഷവും താലൂക്ക് ഓഫീസിൽ നിന്നുള്ള അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ ബാക്കിയുള്ള അഞ്ചു ലക്ഷം രൂപയും അനുവദിക്കും. എന്നാൽ ഗസറ്റിൽ പരസ്യം ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ ആറു മാസമെങ്കിലും സമയമെടുക്കും. ഇങ്ങനെ ചുവപ്പ് നാടയിൽ കുരുങ്ങി വന്യമൃഗങ്ങളാൽ ദാരുണമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ദുരിതത്തിലാകുമ്പോൾ പോലും നടപടികൾ ലഘൂകരിച്ച് ആശ്വാസമാകാൻ സർക്കാരിനാകുന്നില്ല.