തൊടുപുഴ: കുരുമുളകിന്റെ ഉത്പാദനക്കുറവിന്റെ ക്ഷീണം പരിഹരിക്കാൻ ഇറക്കുമതി വർദ്ധിപ്പിച്ചു. ഫലമോ ഒന്നു പച്ച പിടിച്ചുവന്ന കറുത്തപൊന്നിന്റെ വില ദാ നേരെ താഴേയ്ക്ക്. ഒരു കിലോഗ്രാമിന് 500 രൂപയിൽ താഴെയായാണ് വില ഇടിഞ്ഞത്.
കൊച്ചി മാർക്കറ്റിൽ ഇന്നലെ കുരുമുളക് വില കിലോഗ്രാമിന് 491 രൂപയായിരുന്നു. ഗാർബിൾഡ് കുരുമുളകിന് 511 രൂപ വരെ വിലയുണ്ട്. കേരളത്തിലെ കുരുമുളക് വിപണിയുടെ പ്രധാന വിപണന കേന്ദ്രമായ കട്ടപ്പന മാർക്കറ്റിൽ ഇന്നലെ ഒരു കിലോ കുരുമുളകിന് കിലോഗ്രാമിന് 475 രൂപ മുതൽ 480 രൂപ വരെ മാത്രമാണ് കർഷകർക്ക് ലഭിച്ചത്. മൂന്ന് മാസത്തിനിടെ കിലോഗ്രാമിന് 150 രൂപയുടെ വിലയിടിവാണ് ഉണ്ടായത്. കാലാവസ്ഥാ വ്യതിയാനവും മഴക്കുറവുമെല്ലാം കാരണം കഴിഞ്ഞ സീസണിൽ കുരുമുളക് ഉത്പാദനത്തിൽ 40 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. ഇതിനെ മറികടക്കാനായി ഇറക്കുമതി വർദ്ധിപ്പിച്ചതാണ് വിപണിക്ക് കനത്ത ആഘാതമായത്. വിയറ്റ്‌നാം, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നെല്ലാമാണ് ഇന്ത്യയിലേക്ക് കുരുമുളക് ഇറക്കുമതി ചെയ്യുന്നത്. ആഭ്യന്തര മാർക്കറ്റിനേക്കാൾ കുറഞ്ഞ നിരക്കിലാണ് വിദേശ കുരുമുളക് ഇറക്കുമതി നടത്തുന്നത്. വിയറ്റ്‌നാമിൽ നിന്നുള്ള ഇറക്കുമതിയാണ് രാജ്യത്തെ കുരുമുളക് വിപണിയെ സാരമായി ബാധിച്ചത്. വിയറ്റ്‌നാമിൽ നിന്ന് കൊളംബോ വഴി ഇറക്കുമതി ചെയ്യുന്നതാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു. ഇതിനൊപ്പം കേരളത്തിൽ നിന്നുള്ളതിനേക്കാൾ കുറഞ്ഞ വിലയിൽ കർണാടകയിൽ നിന്ന് കുരുമുളക് വിപണിയിൽ എത്തുന്നതും തിരിച്ചടിയായി. ഇപ്പോഴത്തെ രീതിയിൽ വിലയിടിവ് തുടർന്നാൽ കുരുമുളക് വില 450 രൂപയിൽ താഴാൻ സാദ്ധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
വിളവെടുപ്പ് സീസണിൽ ഉണ്ടായ വിലക്കുറവ് കർഷകരുടെയും സ്വപ്നങ്ങൾ ഇല്ലാതാക്കുകയാണ്. വളം, കീടനാശിനി, പണി കൂലി എന്നിവയ്‌ക്കൊന്നും ഈ വില ലഭിച്ചാൽ മതിയാകില്ല.
10 വർഷം മുമ്പ് 700 കടന്നു
പത്ത് വർഷം മുമ്പ് 700 രൂപ വരെ കുരുമുളകിന് വില ലഭിച്ചിരുന്നു. പിന്നീട് വില കുത്തനെ കൂപ്പു കുത്തി 300 രൂപയ്ക്ക് താഴെ എത്തി. കഴിഞ്ഞ സെപ്തംബറിൽ വില ഉയർന്ന് 640 രൂപ വരെയെത്തിയിരുന്നു.
150
മൂന്ന് മാസത്തിനിടെ കിലോഗ്രാമിന്
വില ഇടിഞ്ഞത്
150 രൂപ
'കഴിഞ്ഞ സീസണിൽ കേരളത്തിലടക്കം ഉത്പാദനം കുറഞ്ഞതിനാൽ ഇറക്കുമതി വർദ്ധിച്ചതാണ് ഇപ്പോഴത്തെ വിലത്തകർച്ചയ്ക്ക് പ്രധാന കാരണം. ഗുണനിലവാരം കുറഞ്ഞ വിദേശ കുരുമുളക് മാർക്കറ്റിൽ വില കുറച്ച് ലഭ്യമായി തുടങ്ങിയതോടെയാണ് ഇന്ത്യൻ കുരുമുളകിന്റെ ശനിദശ തുടങ്ങിയത്. കുരുമുളക് വിളവെടുക്കുന്ന മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വില താഴ്ത്തുകയും കർഷകർ ഉത്പന്നങ്ങൾ വിറ്റ് തീർന്നു കഴിയുമ്പോൾ കുത്തക വ്യാപാരികൾ വില ഉയർത്തുകയും ചെയ്യുന്ന പ്രവണതയുണ്ട്.
- ജോസഫ് സ്റ്റീഫൻ (വ്യാപാരി)