കാഞ്ഞിരമറ്റം: ശ്രീമഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷങ്ങൾക്കും ബലിതർപ്പണത്തിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് വൈകിട്ട് 8 മുതൽ കാവടി നിറക്കൽ ചടങ്ങും കാവടിപൂജയും നടക്കും.

മഹാശിവരാത്രി ദിനത്തിൽ രാവിലെ 8.30 ന് വഴിപാട് കാവടികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടു കൂടി തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് കാവടി ഘോഷയാത്ര ആരംഭിക്കും. 9 മുതൽ വേദിയിൽ വിഷ്ണു ഇടവെട്ടി നയിക്കുന്ന പുല്ലാങ്കുഴൽ ക്‌ളാസിക്കൽ ഫ്യൂഷൻ വേദിയിൽ ആരംഭിക്കും. 11.30 ന് കാവടി ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരും.തുടർന്ന് കാവടി അഭിഷേകവും മഹാപ്രസാദമൂട്ടും നടക്കും. വൈകിട്ട് 5 ന് ക്ഷേത്രക്കടവിലെ ശ്രീമൂകാംബി സന്നിധിയിൽ നിന്ന് ഭസ്മക്കാവടി ഘോഷയാത്ര ആരംഭിക്കും. 5.30 ന് വേദിയിൽ ഭരണങ്ങാനം പ്രാണ സ്‌കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറും.

വൈകിട്ട് 7 ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ടി എസ് രാജന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരികസദസ്സിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്ക് അഞ്ചാമത് ശിവകീർത്തി പുരസ്‌കാരം സമർപ്പിക്കും.

രാത്രി 9ന് ചലച്ചിത്രപിന്നണി ഗായകരായ വിജേഷ് ഗോപാൽ, ചിത്ര അരുൺ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറും. 11.30 മുതൽ ഭരതനാട്യവും വേദിയിൽ നടക്കും. രാത്രി 12 ന് ശിവരാത്രി വിളക്ക് ചടങ്ങുകൾ നടക്കും. ക്ഷേത്രക്കടവിൽ രാത്രി 12 മുതൽ പിതൃബലിതർപ്പണചടങ്ങുകളും ആരംഭിക്കും. രാത്രി 2 ന് തിരുവനന്തപുരം സ്റ്റേജ് ഇന്ത്യ അവതരിപ്പിക്കുന്ന തുംഗഭദ്ര എന്ന സ്റ്റേജ് സിനിമ വേദിയിൽ ആരംഭിക്കും.

കൈലാസഗിരി

ശിവപാർവ്വതി ക്ഷേത്രം

കൊച്ചറ : കൈലാസഗിരി ശിവപാർവ്വതി ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം 7,8 തിയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി പ്രമോദ് ശാന്തികളും ക്ഷേത്രം ശാന്തി അഭിനവ് ശാന്തികളും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.ഇന്ന് രാവിലെ 8.30 ന് മഹാമൃത്യുഞ്ജയഹോമം, 9.30 ന് ആചാര്യവരണം, 10 ന് ആദരിക്കൽ, 10.30 ന് നന്ദികേശ പൂജ, 11 ന് കലശപൂജ, കലശാഭിഷേകം,ഉച്ചയ്ക്ക് 1 ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 5.30 ന് മഹാസുദർശന ഹോമം, കുടുംബ ഐശ്വര്യ പൂജ.
8 ന് മഹാശിവരാത്രി. രാവിലെ 9 ന് വിദ്യാഗോപാല മന്ത്രാർച്ചന, ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട്, വൈകിട്ട് 6 ന് താലപ്പൊലി ഘോഷയാത്ര, തുടർന്ന് എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ മുരളീധരൻ ഉത്സവ സന്ദേശം നൽകും. 7 ന് താലപ്പൊലി സമർപ്പണം.

തൃക്കോവിൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം

പടി. കോടിക്കുളം: തൃക്കോവിൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് ശനിയാഴ്ച്ച ശിവരാത്രി ബലി നടക്കും. ചടങ്ങുകൾക്ക് മേൽശാന്തി കെ. എൻ. രാമചന്ദ്രൻ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. അന്നേ ദിവസം പിതൃമോക്ഷ പ്രാപ്തിക്കായി പ്രത്യേക തിലഹവനത്തോടുകൂടി പിതൃ നമസ്ക്കാരവും അടച്ചുനമസ്ക്കാരവും പുറകിൽ വിളക്ക്, പിതൃ ഊട്ട്, മറ്റ് പിതൃ പൂജകളും നടത്താൻ സൗകര്യം ഉണ്ടായിരിക്കും.

വണ്ടിപ്പെരിയാർ ശ്രീധർമ്മശാസ്താ ക്ഷേത്രം

പീരമേട്: വണ്ടി പെരിയാർ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്നും നാളെയുമായി​ നടക്കും. ഇന്ന് സമൂഹ പറയെടുപ്പ്. നാളെ രാവിലെ മുതൽ പ്രത്യേക പുജകൾ നടക്കും.രാവിലെ 11 ന് 62 ആം മൈലിൽ നിന്ന് വർണാഭമായ കാവടി ഘോഷയാത്ര, ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് അന്നദാനം.ചുരക്കുളംകവലയിൽ നിന്ന് വൈകിട്ട് 6 ന് ഏഴുന്നെള്ളിപ്പ്, വിപുലമായ ഘോഷയാത്ര. ഗാനമേള, 11 ന് ശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പൂജകളും ഉണ്ടായിരിക്കും.