
ഇടുക്കി:ജനജീവിതം ദുഷ്കരമാക്കുന്ന കൊലയാളി കാട്ടനകൾ ഉൾപ്പടെയുള്ള വന്യജീവികളെ തുരത്താൻ ജില്ലയിൽ മൂന്നാമത്തെ റാപ്പിഡ് റെസ്‌പോൺസ് ടീം ഉടൻ പ്രവർത്തനം ആരംഭിക്കും. 23 അംഗങ്ങളാകും ഒരു ടീമിൽ ഉണ്ടാവുക. ഇതിനുള്ള പ്രാധമിക നടപടിക്രമങ്ങൾ ആരംഭിച്ചു. ജില്ലയിൽ കാട്ടാന ആക്രമണത്തെത്തുടർന്ന് രണ്ട്മാസത്തിനിടെ അഞ്ച് മരണംസംഭവിച്ചതോടെ നിയന്ത്രണവിധേയമാകാതെ പോകുന്ന വന്യജീവി ആക്രമണത്തിലെ ആശങ്കകളാണ് പുതിയ ഒരു ആർ. ആർ. ടി ഗ്രൂപ്പിനെകൂടി രൂപീകരിക്കാൻ അടിയന്തിര നടപടിയുണ്ടായത്. വനത്തിനുള്ളിൽ ആനകളുടെ സഞ്ചാരപാതയിൽ തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുന്നതിന് വനം വകുപ്പ് നടപടി സ്വീകരിക്കാനും വന്യമൃഗങ്ങളുടെ സഞ്ചാരം സംബന്ധിച്ച് മുന്നറിയിപ്പുകൾ എസ്. എം. എസ് ആയും പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നൽകുന്നത് വ്യാപിപ്പിക്കാനും തീരുമാനം. പഞ്ചായത്ത് അംഗത്തിന്റെയും വനംവകുപ്പ് ഫീൽഡ് ഓഫീസറുടെയും നേതൃത്വത്തിൽ എല്ലാ പ്രദേശവാസികളെയും ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തി വിവരങ്ങൾ വേഗത്തിൽ കൈമാറാനും മൂന്നാർ യു.എൻ.ഡി.പി ഹാളിൽ ചേർന്ന ഉദ്യോഗസ്ഥ ജനപ്രതിനിധി യോഗം തീരുമാനിച്ചു. മൂന്നാർ മേഖലയിൽ വർദ്ധിച്ചുവരുന്ന മനുഷ്യവന്യജീവി സംഘർഷം ഒഴിവാക്കുന്നതിനായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ,പൊതുജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നതിനുള്ള നിർദേശങ്ങളാണ് ഉയർന്ന് വന്നത്.അഡ്വ. ഡീൻ കുര്യാക്കോസ് എം. പി, അഡ്വ. എ രാജ എം. എൽ. എ, ജില്ലാ കളക്ടർ ഷീബാ ജോർജ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രമേശ് ബിഷ്‌ണോയ് , ദേവികുളം സബ് കളക്ടർ ജയകൃഷ്ണൻ വിഎം , ജില്ലയിലെ ഉന്നത വനംവകുപ്പ് മേധാവികൾ , മൂന്നാർ മേഖലയിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
എ. ഐ ക്യാമറകൾ
സ്ഥാപിക്കും
തേക്കടിയിലും മാങ്കുളത്തുംസ്ഥാപിച്ചത് പോലെ എ. ഐ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സേവനദാതാക്കളുമായി സംസാരിക്കുകയും ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ സാദ്ധ്യതാ പഠനവും പൂർത്തിയായിട്ടുണ്ട്. വെളിച്ച സംവിധാനം ഇല്ലാത്ത മേഖലയിൽ പഞ്ചായത്തുകൾ ലൈറ്റുകൾ സ്ഥാപിക്കും. നിലവിൽ വനം വകുപ്പ് നൈറ്റ് വിഷൻ ഡ്രോൺ ഉപയോഗിച്ചു വന്യമൃഗങ്ങളുടെ സാനിധ്യം പരിശോധിക്കുന്നുണ്ട്. ഇത് കൂടുതൽ വ്യാപിപ്പിക്കും.
നിലവിൽ ദേവികുളം താലൂക്കിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ സേവനവും ജനങ്ങൾക്ക് ഉപയോഗപ്പെടുത്താം. പൊലീസിന്റെയും വനം വകുപ്പിന്റെയും സംയുക്ത പരിശോധനകളുടെ എണ്ണവും വർദ്ധിപ്പിക്കും.
വന്യമൃഗ സാന്നിദ്ധ്യ
അറിയിപ്പുകൾ നൽകും
മൂന്നാർ ടൗണുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന പഞ്ചായത്തുകളുടെ പരസ്യ ബോർഡുകളിൽ വിനോദ സഞ്ചാരികൾക്കായി വന്യമൃഗങ്ങൾ ഇറങ്ങുന്ന മേഖലകൾ സംബന്ധിച്ച അറിയിപ്പുകൾ നൽകും. വിനോദസഞ്ചാരികളുമായി കൂടുതൽ ഇടപഴകുന്ന ഓട്ടോ ടാക്‌സി ഡ്രൈവർക്കും , ഹോട്ടൽ ജീവനക്കാർക്കും ബോധവത്കരണ ക്ലാസുകൾ നൽകും. റിസോർട്ട് ഉടമകളോട് രാത്രി യാത്ര ഒഴിവാക്കാനും യോഗം ആവശ്യപ്പെട്ടു.രാത്രി വൈകിയും രാവിലെ നേരത്തേയുമുള്ള സഞ്ചാരത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും യോഗം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.