
തൊടുപുഴ: അന്തരീക്ഷത്തിലുള്ള കാർബൺ വാതകങ്ങളുടെ അളവിനെ കുറച്ച് കാർബൺ ന്യൂട്രൽ പഞ്ചായത്താകാനൊരുങ്ങി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന പരിസ്ഥിതി പുന:സ്ഥാപന ക്യായിന്റെ ഭാഗമായാണ് പദ്ധതി ഏറ്റെടുത്തിട്ടുള്ളത്. കേരളത്തെ നെറ്റ് സീറോ എമിഷൻ കാർബൺ കേരളമാക്കി മാറ്റുന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഹരിതകേരള മിഷന്റെ സഹായത്തോടെ ഇടുക്കി ജില്ലയിൽ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്ന 5 പഞ്ചായത്തുകളിൽ ഒന്നാണ് ഉടുമ്പന്നൂർ.
പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി അംഗൻവാടികളുടെ ഊർജ്ജ സംരക്ഷണ പ്രവർത്തനത്തിനായി ഇൻഡക്ഷൻ കുക്കറുകൾ നൽകുന്ന അംഗൻ ജ്യോതി പ്രോഗ്രാമിനും തുടക്കമായി. . കാർഷിക മേഖലയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ജൈവ കാർഷികഗ്രാമം പദ്ധതി കൂടുതൽ കൃഷിക്കൂട്ടങ്ങളുടെ സഹായത്തോടെ വ്യാപിപ്പിക്കും. കുടുംബശ്രീയുടെ ചുമതലയിൽ ഒരു വാർഡിൽ ഒരു പൂന്തോട്ടം പദ്ധതി നടപ്പിലാക്കും. ഇതിനായി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സബ്‌സിഡി നൽകും.
മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഉറവിട മാലിന്യ സംസ്‌കരണ ഉപാധികൾ വീടുകൾക്ക് ലഭ്യമാക്കുന്ന പ്രവൃത്തികൾ എല്ലാ വീടുകളിലും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുകയും കമ്മ്യൂണിറ്റി തല മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ കൂടുതൽ ഇടങ്ങളിൽ നടപ്പിലാക്കുകയും ചെയ്യും.തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ ജലാശയങ്ങളെ സംരക്ഷിക്കും.അംഗൻവാടികളിലും സ്‌കൂളുകളിലും പച്ചത്തുരുത്തുകൾ നിർമ്മിക്കും. സാദ്ധ്യമായ സ്ഥലങ്ങളിൽ സോളാർ തെരുവ് വിളക്കുകൾ സ്ഥാപിക്കും തുടങ്ങി ലക്ഷ്യ പൂർത്തീകരണത്തിനായുള്ള വിവിധ പദ്ധതികൾക്ക് ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന ശിൽപ്പശാല അന്തിമ രൂപം നൽകി.പദ്ധതി രൂപീകരണ ശിൽപ്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷയായി.നവകേരള മിഷൻ ജില്ലാ ആർ.പി സജീവൻ സി.എ, നാടുകാണി ട്രൈബൽ ആർട്‌സ് ആന്റ് സയൻസ് കോളേജ് അസി. പ്രൊഫസർ സുനിൽ ബി അനിരുദ്ധൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.എം സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു.പഞ്ചായത്ത് സെക്രട്ടറി കെ.പി യശോധരൻ സ്വാഗതം പറഞ്ഞു.