തൊടുപുഴ: പാസില്ലാതെയും അമിത ഭാരം കയറ്റിയും കരിങ്കല്ലുമായി പോയ 18 ലോറികൾ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കുടുങ്ങി. കരിങ്കുന്നം, കരിമണ്ണൂർ, നെടിയശാല, മാറിക, കാഞ്ഞാർ, മുട്ടം എന്നിവിടങ്ങളിൽ നിന്നുള്ള ലോറികളാണ് പിടികൂടിയത്. ഇതിൽ 11 എണ്ണം അമിത ഭാരം കയറ്റിയും എട്ടെണ്ണം പാസില്ലാതെയുമാണ് ഓടിയത്. ജില്ലാ വിജിലൻസിന്റെ നേതൃത്വത്തിൽ അഞ്ച് സ്‌ക്വാക്വാഡുകൾ ആയിതിരിഞ്ഞാണ് റെയ്ഡ് നടന്നത്. വിജിലൻസ് വിഭാഗം പിടികൂടിയ ലോറികൾ പൊലീസിന് കൈമാറിയശേഷം ജി.എസ്.ടി വകുപ്പിനെയും ജിയോളജി വിഭാഗത്തെയും അറിയിച്ചു. ഇരു വിഭാഗവും പിഴ ഈടാക്കിയശേഷം വാഹനങ്ങൾ വിട്ടു നൽകും. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് രാത്രി വൈകിയാണ് അവസാനിച്ചത്.