ഒരാൾ ഓടി രക്ഷപ്പെട്ടു
മൂന്നാർ: തോട്ടംതൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിന് എത്തിച്ച അരി ഉൾപ്പെടെയുള്ള റേഷൻ സാധനങ്ങൾ കടത്താൻ എത്തിച്ച ലോറിയുമായി ഒരാൾ മൂന്നാർ പൊലീസിന്റെ പിടിയിലായി. ഒരാൾ രക്ഷപ്പെട്ടു. മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി വാണിയപുരയ്ക്കൽ എം. നൗഷാദാണ് (47) അറസ്റ്റിലായത്. 111 ചാക്ക് അരി, ഗോതമ്പ്, ആട്ട എന്നിവയും കടത്താനുപയോഗിച്ച മിനിലോറിയുമാണ് പൊലീസ് പിടിച്ചെടുത്തത്. മറ്റൊരു വാഹനത്തിൽ യാത്ര ചെയ്തിരുന്ന റേഷൻ സാധനങ്ങൾ കടത്തിയ മിനിലോറിക്ക് പൈലറ്റ് പോയ മൂവാറ്റുപുഴ സ്വദേശി ഫാസിലാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ 1.45 ന് മൂന്നാർ- മാട്ടുപ്പെട്ടി റോഡിൽ കൊരണ്ടക്കാട് സ്വകാര്യ സ്‌കൂളിന് മുമ്പിലാണ് റേഷൻ സാധനങ്ങളുമായി വന്ന ലോറി പൊലീസ് തടഞ്ഞ് പരിശോധിച്ചത്. ഡ്രൈവറെ ചോദ്യം ചെയ്തതോടെയാണ് റേഷൻ കടകളിൽ നിന്ന് കടത്തികൊണ്ടു വന്നതാണെന്ന് കണ്ടെത്തിയത്. അരിയടക്കമുള്ള സാധനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കുന്ന നടപടികൾ ആരംഭിച്ചതായി റേഷൻ ഇൻസ്‌പെക്ടർ രാജീവ്, സുധാകുമാരി എന്നിവർ പറഞ്ഞു.
കരിചന്തയിൽ
വിൽപ്പന വ്യാപകം
തൊഴിലാളികൾക്ക് വിതരണത്തിനായി എത്തിക്കുന്ന റേഷൻ സാധനങ്ങൾ കരിചന്തയിൽ വ്യാപകമായി വിൽക്കുന്നതായി തൊഴിലാളികൾ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ വില്പന നടത്തുന്നതിനായി അരിയടക്കം വാഹനത്തിൽ കയറ്റിയത് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വിവരം പൊലീസിന് കൈമാറുകയായിരുന്നു. മൂന്നാർ സി.ഐ രാജൻ കെ. അരമനയുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്. ക്വാളിറ്റി ഓഫീസർ രേഷ്മ രാജേന്ദ്രൻ പരിശോധനകൾക്കായി സാബിളുകൾ ശേഖരിച്ചു.