ഇടുക്കി: ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ജില്ലയിലെത്തി. രാവിലെ കളക്ടറേറ്റിലെത്തിയ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് , സബ് കളക്ടർമാരായ ഡോ. അരുൺ എസ് നായർ, വി എം ജയകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ എന്നിവർ ചേർന്ന് സ്വീകരിച്ചു. കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ , അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർ എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഇടുക്കി ഇലക്ഷൻ മാനേജമെന്റ് പ്ലാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പ്രകാശനം ചെയ്തു.
ബൂത്തുകളിൽ കുടിവെള്ളം, വൈദ്യുതി, ഭിന്നശേഷിക്കാർക്കുള്ള റാമ്പ് തുടങ്ങിയ അവശ്യ ഭൗതിക സാഹചര്യങ്ങൾ ഉറപ്പുവരുത്തണം. ജില്ലാ പൊലീസ് മേധാവി, ആർ.ടി.ഒ, എക്‌സൈസ്, ജി.എസ്.ടി, ഫോറസ്റ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി ക്രമസമാധാനം, തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തി. ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ജില്ലകളിലെ സാഹചര്യങ്ങൾ വിലയിരുത്തി പൊലീസ് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണം. പ്രശ്‌നസാദ്ധ്യതയുള്ള ബൂത്തുകളുടെ തൽസ്ഥിതി പരിശോധിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. . തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം സമയ ബന്ധിതമായി നൽകേണ്ടതുണ്ട്. കൂടുതൽ സ്ത്രീ സൗഹൃദ ബൂത്തുകൾ ഇത്തവണ ഉണ്ടാകും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഉറപ്പാക്കാൻ സജ്ജമായിരിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌ട്രോങ്ങ് റൂം, കൗണ്ടിംഗ് ഹാൾ എന്നിവയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ള പൈനാവ് എം.ആർ.എസ് സ്‌കൂൾ സി.ഇ.ഒ സന്ദർശിച്ചു. ഇന്ന് ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ബൂത്തുകൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സന്ദർശിക്കും.
'സുരക്ഷിതവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് ജില്ലകളിലുള്ള സാഹചര്യം വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം കുറഞ്ഞ ബൂത്തുകളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. കുറ്റമറ്റ രീതിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എല്ലാ ബൂത്തുകളും സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്'.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ