 മുറി പൂട്ടി സെക്രട്ടറി,​ പുറത്ത് നിന്ന് പൂട്ടി യൂത്ത് കോൺഗ്രസ്

തൊടുപുഴ: ഭിന്നശേഷിക്കാരനെ അപമാനിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് കുമാരമംഗലം പഞ്ചായത്തിൽ വീണ്ടും ബഹളവും നാടകീയ സംഭവങ്ങളും. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വിഷയം സംസാരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയപ്പോൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഓഫീസ് മുറി അകത്ത് നിന്ന് പൂട്ടി. ഇതേ സമയം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസ് പുറമേ നിന്ന് കൂടി പൂട്ടി. കഴിഞ്ഞ നാലിന് പഞ്ചായത്ത് ഓഫീസിൽ മുമ്പ് നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ പെരുമ്പിള്ളിച്ചിറ തൃക്കടായിൽ ഇസ്മയിൽ മുഹമ്മദിനെ പഞ്ചായത്ത് സെക്രട്ടറി ഷേർളി ജോണി അപമാനിച്ചതായാണ് ആരോപണം. സെക്രട്ടറിക്കെതിരെ ഇസ്മയിൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ ഇതിനിടെ തന്റെ വീട്ടിലേക്ക് സെക്രട്ടറി പറഞ്ഞ് വിട്ട ആളുകൾ വന്ന് ഭീഷണി മുഴക്കിയതായാണ് ഇസ്മയിൽ പറയുന്നത്. തുടർന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഇസ്മയിലിനെയും കൂട്ടി പഞ്ചായത്ത് ഓഫീസിലെത്തിയത്. എന്നാൽ സെക്രട്ടറി ചർച്ചയ്ക്ക് തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസിനുള്ളിൽ മുദ്രാവാക്യം വിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ സെക്രട്ടറി ഓഫീസ് മുറി അകത്ത് നിന്ന് പൂട്ടുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസ് മുറി പുറമേ നിന്ന് കൂടി പൂട്ടി. തൊടുപുഴ പൊലീസ് സ്ഥലത്തെത്തി ഓഫീസ് മുറി ഇരുവശത്ത് നിന്നും തുറന്നു. എന്നാൽ പുറത്ത് പോകാൻ തയ്യാറാകാത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസിനുള്ളിൽ സെക്രട്ടറിക്കെതിരെ രൂക്ഷ മുദ്രാവാക്യം വിളിയുമായി നിലയുറപ്പിച്ചു. കൂടുതൽ പൊലീസെത്തി. സെക്രട്ടറി ചർച്ചയ്ക്ക് തയ്യാറാകണമെന്നും അല്ലെങ്കിൽ തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കണമെന്നുമുള്ള നിലപാടിൽ പ്രവർത്തകർ ഉറച്ച് നിന്നു അറസ്റ്റ് ചെയ്യാൻ പൊലീസോ ചർച്ചയ്ക്ക് സെക്രട്ടറിയോ തയ്യാറായില്ല. ഇസ്മയിലിനെയും കൂട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൊടുപുഴ ഡിവൈ.എസ്.പി ഓഫീസിലേക്ക് പോയി. ഇതോടെയാണ് പഞ്ചായത്ത് ഓഫീസിലെ സമരം അവസാനിച്ചത്.

നീതി കിട്ടും വരെ സമരമെന്ന്

യൂത്ത് കോൺഗ്രസ്

ശാരീരിക വൈകല്യമുള്ള ഇസ്മയിൽ മുഹമ്മദിന് നീതി കിട്ടും വരെ സമര രംഗത്തുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ്- കെ.എസ്.യു നേതാക്കൾ പറഞ്ഞു. മൂന്ന് വർഷം മുമ്പ് ഇസ്മയിൽ നൽകിയ പരാതിക്ക് ഇതുവരെ പരിഹാരമായിട്ടില്ല. ഇക്കാര്യം തിരക്കുന്നതിന് പഞ്ചായത്ത് ഓഫീസിലെത്തിയപ്പോഴാണ് അപമാനമേൽക്കേണ്ടി വന്നത്. ഇതിന് പുറമേയാണ് ഇസ്മയിലിന്റെ വീട്ടിലേക്ക് സെക്രട്ടറി പറഞ്ഞ് വിട്ട ആളുകളെത്തി ഭീഷണി മുഴക്കിയത്. ഈ സംഭവങ്ങളിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുക്കണം. വകുപ്പുതല നടപടിയെടുക്കണം. അതുവരെ സമരം തുടരുമെന്ന് നേതാക്കളായ എബി മുണ്ടയ്ക്കൻ, വിഷ്ണു കോട്ടപ്പുറം, ഷാനു ഷാഹുൽ, ജോസുകുട്ടി ജോസഫ്, ഗൗതം റെജി എന്നിവർ പറഞ്ഞു.

പിന്നിൽ ഗൂഢാലോചനയെന്ന് സെക്രട്ടറി

അയൽവാസികൾക്കെതിരെ ഇസ്മയിൽ മുഹമ്മദ് സമർപ്പിച്ച പരാതി നിയമ പ്രകാരം പരിഹരിച്ചതാണെന്ന് പഞ്ചായത്ത് സെക്രട്ടറി ഷേർളി ജോൺ പറഞ്ഞു. ഓഫീസിലെത്തിയപ്പോൾ താൻ അപമാനിച്ചുവെന്ന പരാതി കെട്ടിച്ചമച്ചതാണ്. ഈ സംഭവത്തിന് പിന്നിൽ ഏതാനും ചില മെമ്പർമാരുടെ ഗൂഢാലോചനയുണ്ട്. ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇന്നലെ സമരവുമായി എത്തിയത്. തന്നെ ഉപദ്രവിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതുകൊണ്ടാണ് പൊലീസിനെ വിളിച്ചത്. തുടർന്നും ജോലി ചെയ്യാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസമുണ്ടാകുന്നതായി ഓഫീസിലെ 17 ജീവനക്കാർ ഒപ്പിട്ട പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് ഉന്നത ഉദ്യോഗസ്ഥർക്കും പൊലീസിനും കൈമാറുമെന്നും സെക്രട്ടറി ഷേർളി ജോൺ അറിയിച്ചു.