രാജാക്കാട്: കാട്ടാനയാക്രമണത്തിന് പിന്നാലെ ശാന്തൻപാറയിൽ കാട്ടുപന്നി ശല്യവും രൂക്ഷമാകുന്നു. ശാന്തൻപാറ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ ഷിബു കുമാറിനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം. ഷിബു കുമാർ തന്റെ ഓട്ടോറിക്ഷയുമായി ശാന്തൻപാറയിൽ നിന്ന് പത്തേക്കർ ഭാഗത്തേക്ക് ഓട്ടം പോകുന്നതിനിടയിലാണ് കാട്ടുപന്നി കുറുകെ ചാടിയത്. കാട്ടുപന്നി തട്ടിയതിനെ തുടർന്ന് വാഹനത്തിന്റെ മുൻഭാഗം തകർന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗത്തെ ചില്ലിൽ തട്ടി പരിക്കേറ്റ ഷിബു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വാഹനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ജില്ലയിൽ പലയിടങ്ങളിലും വാഹനങ്ങൾക്ക് കുറുകെ കാട്ടുപന്നി, കേഴ,കാട്ടുപോത്ത് എന്നുവ കുറുകെ ചാടി അപകടങ്ങൾ അടുത്തകാലത്തായി വർദ്ധിച്ചിട്ടുണ്ട്. ഭാഗ്യം ഒന്ന്‌കൊണ്ട് മാത്രമാണ് പലരും രക്ഷപ്പെടുന്നത്.