ചെറുതോണി: ഇനി ലോക്‌സഭ തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് നിർണ്ണയിക്കപ്പെടുന്ന അത്യന്തം പ്രാധാന്യമേറിയ വിധിയെഴുത്താണ് ഏപ്രിൽ മാസത്തിൽ ഉണ്ടാകാൻ പോകുന്നതെന്ന് കേരള കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി പറഞ്ഞു. എൽ. ഡി. എഫ് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഒരു മതം ഒരു പാർടി എന്ന നിലയിലേക്ക് ബിജെപി നീങ്ങുകയാണ്. ജനാധിപത്യത്തെ അട്ടിമറിച്ച് പ്രസിഡൻഷ്യൽ ഭരണ രീതി കൊണ്ടുവരുന്നതിനുപോലും ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്സിന്റെയും ബി.ജെ.പിയുടെയും വർഗീയതയെ ആർച്ച് ഡാമിലെ വെള്ളത്തിനുള്ളിൽ കെട്ടിത്താഴ്ത്തണമെന്ന് മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ പ്രസംഗത്തിൽ പറഞ്ഞു.
എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് സ്വാഗതം പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ, എം.എം. മണി എംഎൽഎ, ആന്റണി ജോൺ എംഎൽഎ, മുൻ മന്ത്രി ജോസ് തെറ്റയിൽ, കെ.കെ ജയചന്ദ്രൻ, മുൻ എംഎൽഎമാരായ ഇ.എസ്. ബിജിമോൾ, പി.സി. ജോസഫ്, എൽദോ എബ്രാഹം, ജോണി നെല്ലൂർ , എസ്. സതീഷ്, കെ. സലിം കുമാർ, സുഭാഷ് പുഞ്ചക്കോട്ടിൽ, അഡ്വ. കെ.ടി. മൈക്കിൾ, എൻ. അരുൺ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.