ഇടുക്കി: സമ്മതിദായകരെ ബോധവത്കരിക്കുന്നതിനും തിരഞ്ഞെടുപ്പ് പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമുള്ള തെരെഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതി സ്വീപിന്റെഭാഗമായി ജില്ലയിൽ വിവിധ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. ഹരിത തിരഞ്ഞെടുപ്പ് പ്രചാരണ കാമ്പയ്‌ന്റെ ഭാഗമായി സജ്ജമാക്കിയ 'ശുചിത്വായനം' പ്രചാരണവാഹനം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഫ്‌ളാഗ് ഓഫ് ചെയ്തു. തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കേണ്ടതിന്റെ പ്രാധാന്യം, അതിന് പാലിക്കേണ്ട നടപടിക്രമങ്ങൾ, ഹരിതചട്ടം ലംഘിച്ചാലുണ്ടാകുന്ന ശിക്ഷാനടപടികൾ തുടങ്ങിയവ പ്രചരിപ്പിക്കുന്ന ശുചിത്വായന വാഹനം ജില്ലയിലെ 52 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും പര്യടനം നടത്തും. 18 ദിവസം നീളുന്ന പര്യടനത്തിൽ ജില്ലയിലെ 56 ലക്ഷം ജനങ്ങളിൽ ഹരിത തിരഞ്ഞെടുപ്പ് സന്ദേശം എത്തിക്കും.
. 10 മിനുട്ടിൽ താഴെ ദൈർഘ്യമുള്ള ഡോക്യുമെന്ററി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്കൗൾ പ്രകാശനം ചെയ്തു. മറയൂർ, അടിമാലി, മൂന്നാർ പ്രദേശങ്ങളിൽ ബൂത്ത് തല ഓഫീസർമാരായി പ്രവർത്തിക്കുന്ന രാജകുമാരി, ജയന്തി, ഷിജി എന്നിവരുടെ ജീവിതമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. വരുംദിവസങ്ങളിൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഡോക്യുമെന്റെറി പ്രചരിപ്പിക്കും. ഏത് ദുർഘട സാഹചര്യങ്ങളിലും ജോലി ചെയ്യാനുള്ള സ്ത്രീകളുടെ കഴിവും തിരഞ്ഞെടുപ്പ് പ്രക്രിയ സാധ്യമാക്കുന്നതിൽ ആയിരക്കണക്കിന് സ്ത്രീകൾ വഹിക്കുന്ന പങ്കും ദൃശ്യവത്കരിക്കുന്നതാണ് ഡോക്യുമെന്ററിയെന്ന് സ്വീപ് നോഡൽ ഓഫീസർ ലിപു പി ലോറൻസ് പറഞ്ഞു.