
കട്ടപ്പന: സ്ത്രീകൾ അനീതികൾക്കെതിരെ നടത്തിയ പോരാട്ടത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും സമത്വത്തിന്റെയും കൂടുതൽ ഉയരത്തിൽ എത്താനുള്ള തുടക്കമായിട്ടാണ് വനിതാദിനം എത്തിച്ചേരുന്നതെന്ന് എസ്. എൻ. ഡി. പിയോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു . ലോകത്തിന്റെയും കുടുംബത്തിന്റെയും വളർച്ചയിൽ, പുരോഗതിയിൽ വനിതകൾക്കുള്ള സ്ഥാനം പ്രഥമ സ്ഥാനത്തുള്ളതാണെന്നും ലോക വനിതാദിനത്തോടനുബന്ധിച്ച് എസ്എൻഡിപി യോഗം വനിതാസംഘം മലനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് അദ്ദേഹം പറഞ്ഞു. വനിതാ ദിനത്തോട് അനുബന്ധിച്ച് എസ്എൻഡിപി യോഗം വനിതാസംഘം മലനാട് യൂണിയൻ ആരംഭം കുറിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം ,ശേഖരണം ,വിപണനം തൊഴിൽ എന്നിവ ലക്ഷ്യമാക്കിയുള്ള യൂണിറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയുക്ത മേഖലയിൽ ആരംഭിക്കുന്ന വനിതയൂണിറ്റിന്റെ പ്രവർത്തനം ഷെയർ ശേഖരിച്ച് ആയിരിക്കും നടത്തുക. ഒരു ഷെയറിന് 5000 രൂപയായിരിക്കും. ആദ്യ ഷെയർ 1236-ാംനമ്പർ കട്ടപ്പന ശാഖയിലെ വനിതാ സംഘം പ്രസിഡന്റ് ഷീബ വിജയനിൽ നിന്ന് വനിതാ സംഘം പ്രസിഡന്റ് സി കെ വത്സ ഏറ്റുവാങ്ങി.
വനിതാദിനത്തോട്ട് അനുബന്ധിച്ച് സമ്മേളനം, സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ പഠന ക്ലാസ്, പ്രഭാഷണങ്ങൾ എന്നിവ നടന്നു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സി.കെ വത്സയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി, വനിതാ സംഘം യൂണിയൻ സെക്രട്ടറി ലത സുരേഷ്, മിനി ശശി, ബീന ശശികുമാർ എന്നിവർ സംസാരിച്ചു.