തൊടുപുഴ: ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിന് ചുവരെഴുതണമെങ്കിൽ മുന്നണികളുടെ കീശ കാലിയാകും. കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയിലധികമാണ് ഈ തിരഞ്ഞെടുപ്പിൽ ചുവരെഴുതുന്നതിനുള്ള ചെലവ്. ഫ്ലക്സുകൾക്ക് നിരോധനം വന്നതും തുണി പ്രിന്റുകൾക്ക് വിലകൂടിയതുമാണ് മുന്നണികളെ വീണ്ടും ചുവരെഴുത്തുകളിലേക്ക് തിരിച്ചെത്തിച്ചിരിക്കുന്നത്. പെയിന്റുകൾക്കും പ്രൈമറുകൾക്കും വില വൻതോതിലാണ് വർദ്ധിച്ചിരിക്കുന്നത്.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ചുവരെഴുതുന്നതിന് സ്‌ക്വയർ മീറ്ററിന് 80 രൂപയായിരുന്നെങ്കിൽ ഇന്ന് 120 മുതൽ 150 രൂപവരെ നൽകേണ്ട അവസ്ഥയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഫ്ലൂറസെന്റ് നിറത്തിലുള്ള പെയിന്റുകളാണ് ചുമരെഴുത്തിന് മൂന്ന് മുന്നണികളും ഉപയോഗിക്കുന്നത്. ഒരു ബൂത്തിൽ മുമ്പ് ആറ്, ഏഴ് മതിലുകളിലാണ് ചുവരെഴുതിയിരുന്നതെങ്കിൽ ഇത്തവണ ഒരു ബൂത്തിൽ 10 മുതൽ 12 വരെ മതിലുകളാണ് എഴുതുന്നത്. ഒരു മതിൽ വെള്ളയടിച്ച് സ്ഥാനാർത്ഥിയുടെ പേരും ചിത്രവും വരയക്കണമെങ്കിൽ കുറഞ്ഞത് 3000 രൂപ ചെലവ് വരുമെന്നാണ് ചുവരെഴുത്തിന് നേതൃത്വം നൽകുന്ന നേതാക്കൾ പറയുന്നത്.
മതിലുകൾ വെള്ള അടിക്കുന്ന പ്രൈമറുകൾക്ക് 10 ലിറ്ററിന് കുറഞ്ഞത് 1200 രൂപയാണ് വില. മുമ്പ് ഇത് 700 രൂപയായിരുന്നു. വെള്ള അടിക്കുന്നവർക്ക് നിലവിൽ 1000 മുതൽ 1200 രൂപവരെയാണ് ചിലവ് വരുന്നത്. ചുമരെഴുത്തിന് വില വർദ്ധിച്ചതിനാൽ തന്നെ തിരഞ്ഞെടുപ്പ് ചെലവ് വർദ്ധിച്ചെന്നും ഈ ചെലവുകൾ എങ്ങനെ കണ്ടെത്തുമെന്നുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ.
ഒരു ദിവസം 20മുതൽ 30വരെ ചുവരെഴുതുന്നുണ്ട്. വിലവർദ്ധിച്ചതിനാൽ ശിവകാശിയിൽ നിന്നാണ് പെയിന്റ് എത്തിക്കുന്നത്.
ചുവരെഴുത്തുകാർക്കും
വൻ ഡിമാൻഡ്
തിരഞ്ഞെടുപ്പ് അടുത്തതോടെ ചുവരെഴുതുന്നവർക്കും നിന്ന് തിരിയാനാത്ത സ്ഥിതിയാണ്. മതിൽ വെള്ള അടിയ്ക്കുന്നതും അതിൽ ചുവരെഴുതുന്നതും പലപ്പോഴും വ്യത്യസ്തരായ ആളുകളാണ്. മതിലിന്റെ വലിപ്പം അനുസരിച്ച് ചുമരെഴുതുന്നതിന്റെ കൂലിയും കൂടും. ഇടത് സ്ഥാനാർത്ഥികൾക്ക് ഫ്ലൂറസെന്റ് പച്ച ഒഴികെയുള്ള നിറങ്ങളാണ് ഉപയോഗിക്കുന്നത്. യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികൾ എല്ലാ നിറവും ഉപയോഗിക്കാറുണ്ടെന്ന് ചുമരെഴുത്തുകാർ പറയുന്നു. രണ്ട് പേരാണ് ചുവരെഴുതാനെത്തുന്നത്. ഒരാൾ എഴുതേണ്ട അക്ഷരങ്ങളുടെ ഔട്ട് ലൈൻ വരച്ചിടുമ്പോൾ സഹായി അതിനുള്ളിൽ നിറങ്ങൾ നൽകുകയാണ് ചെയ്യുക. 20 മുതൽ 30 മിനിറ്റ് വരെയാണ് ഒരു ചുവരെഴുതാൻ വേണ്ടി വരുന്നത്. കനത്ത വേനൽ ചൂട് പോലും അവഗണിച്ച് രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയൊക്കെയാണ് ചുവരെഴുതുന്നത്.