kalingu

അടിമാലി: പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലൂടെ കടന്നുപോകുന്ന ബി.എസ്എൻ.എൽ കോയിക്കാകുടി
സിറ്റി റോഡിലെ കലുങ്ക് മരണക്കെണിയാകുന്നു.കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്ന് പേരാണ് ഇവിടെ അപകടത്തിൽ പെട്ടു മരിച്ചത്.നിരവധി പേർ ഇവിടെ തോട്ടിൽ വീണ് അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുമുണ്ട്. റോഡിന് വീതി വളരെ കുറവാണ്. മന്നാംങ്കാല റോഡിൽ നിന്നും ആരംഭിക്കുന്ന ഈ റോഡിലുള്ള കലുങ്കാണ് മരണകെണിയാകുന്നത്.
അടിമാലി തോട് ഒഴുകുന്നത് ഇതിലൂടെയാണ്.മഴക്കാലമായാൽ ഇവിടെ കുത്തൊഴുക്കാണ്.നേരത്തെ ഇവിടെ വലിയ ചിറയായിരുന്നു. പിന്നീടാണ് കലുങ്കും പാലവും നിർമ്മിച്ചത്.നേരെയുള്ള റോഡ് കഴിഞ്ഞ് ചെറിയൊരു വളവിലാണ് കലുങ്ക് നിർമ്മിച്ചിരിക്കുന്നത് അതിനാൽ റോഡ് പരിചയമില്ലാത്തവർ വാഹനവുമായി എത്തിയാൽപുഴയിൽ വീഴുവാൻ സാദ്ധ്യത കൂടുതലാണ്.ഇവിടെ ഒരു തെരുവ് വിളക്ക് പോലുമില്ല എന്നത് അപകടം കൂട്ടുന്നു. ഇവിടെ
ഇതുവരെയും സംരക്ഷണഭിത്തി നിർമ്മിച്ചിട്ടില്ല . കലുങ്കിന് വീതി കുറവായതിനാൽ സൂക്ഷിച്ചു വാഹനം ഓടിച്ചില്ലെങ്കിൽ തോട്ടിൽ വീഴുന്ന അവസ്ഥയാണ് ഇവിടെ. സ്‌കൂൾ ബസ്സുകൾ ഓട്ടോറിക്ഷകൾ തുടങ്ങി നിരവധി വാഹനങ്ങൾ ദിവസവും ഇതിലെ കടന്നു പോകുന്നു.രണ്ട് ദേശീയപാതകളുടെ ബൈപ്പാസ് റോഡ് ആയും ഇതിന് ഉപയോഗിക്കുന്നുണ്ട്. ദേശീയപാതയിൽ ഗതാഗതടസം ഉണ്ടായാൽ വാഹനങ്ങൾ ഇതുവഴിയാണ് പലപ്പോഴും തിരിച്ചുവിടുന്നത്. .പരിചയമില്ലാത്തവർ ഇതുവഴി വാഹനവുമായി വന്നാൽ അപകടത്തിൽ പെടുന്ന അവസ്ഥയാണുള്ളത്.ചിന്നപ്പാറ കുടി ആദിവാസി കോളനിയിലേക്ക് പോകുന്ന നിരവധി പേർ കാൽനടയായും ഇതിലെ യാത്ര ചെയ്യുന്നു.പാലത്തിന് സമീപം അടിയന്തരമായി തെരുവുവിളക്കും, കലുങ്കിന് ചേർന്ന് സംരക്ഷണ ഭിത്തിയും നിർമ്മിക്കണമെന്നാണ് പ്രദേശത്തുള്ളവരുടെയും യാത്ര ക്കാരുടെയും ആവശ്യം.