തൊടുപുഴ: ഓരോ ദിവസം കഴിയുന്തോറും വേനൽ ചൂടിന്റെ കാഠിന്യമേറി വരികയാണ്. നേരത്തെ ലോറേഞ്ചിൽ ലായിരുന്നു ചൂട് അസഹ്യമായിരുന്നതെങ്കിൽ ഇപ്പോൾ ഹൈറേഞ്ചിലും പകൽച്ചൂടിനു കാഠിന്യം കൂടി വരികയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൊടുപുഴ മേഖലയിൽ ചൂട് വർദ്ധിച്ചതോടെ പകൽ ജനത്തിനു പുറത്തിറങ്ങാൻ പോലുമാവാത്ത സ്ഥിതിയായി. തൊടുപുഴ മേഖലയിൽ 37 ഡിഗ്രിയും ഹൈറേഞ്ച് മേഖലയിൽ 30 ഡിഗ്രിയും വരെയാണ് പകൽ താപനില. ചൂടു കൂടിയതോടെ പുറം ജോലി ചെയ്യുന്ന കൽപണിക്കാർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ, പാടത്തും പറമ്പിലുമെല്ലാം ജോലി ചെയ്യുന്നവർ തുടങ്ങിയവരെല്ലാം വലിയ ബുദ്ധിമുട്ടിലാണ്. പകൽ സമയം കൽനടയാത്രക്കാരും ഇരുചക്ര വാഹനങ്ങളിലും മറ്റും യാത്ര ചെയ്യുന്നവരും ചൂടിന്റെ ആധിക്യത്താൽ വലയുകയാണ്. ഇതിനു പുറമെയാണ് ചൂടും പൊടിപടലവുമെല്ലാമായി വിട്ടുമാറാത്ത ജലദോഷം, കഫകെട്ട്, ശ്വാസംമുട്ടൽ തുടങ്ങിയ അലർജി രോഗങ്ങൾ പിടിപെട്ട് ജനങ്ങൾ ദുരിതം പേറുന്നത്. നഗരഗ്രാമ വ്യത്യാസമില്ലാതെ ഉയർന്ന പ്രദേശങ്ങളിൽ ഇതിനോടകം തന്നെ ശുദ്ധജല ക്ഷാമവും രൂക്ഷമായിട്ടുണ്ട്.


ചെറുക്കാം

പഴങ്ങളിലൂടെ
വേനൽച്ചൂട് കടുത്തതോടെ ശരീരത്തെ സംരക്ഷിക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ദിവസവും ശരാശി ഒരാൾ രണ്ട് ലിറ്റർ വെള്ളം കുടിക്കണം. കടുത്ത വേനലിൽ പുറത്തേക്കിറങ്ങിയാൽ ചൂട് കൂടുംതോറും ശരീരം തളരുന്ന അവസ്ഥയാണ്. ഇതിൽ നിന്ന് രക്ഷനേടാനാണ് ദിവസേന രണ്ട് ലിറ്റർ വെള്ളം കുടിക്കണമെന്ന് പറയുന്നത്. ദാഹം കൂടുമ്പോൾ തണുത്ത വെള്ളവും ഐസ്‌ക്രീമും കഴിക്കുന്നവരുണ്ട്. ആദ്യം തണുപ്പ് അനുഭവപ്പെടാറുണ്ടെങ്കിലും ഒടുവിൽ ഉഷ്ണമാകും ഫലം. പഴവർഗങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിനും വേനൽച്ചൂടിൽ നിന്ന് അല്പം ആശ്വാസം കിട്ടുന്നതിനും നല്ലതാണ്‌. പഴങ്ങളെ ആശ്രയിക്കുമ്പോൾ അതിലെ ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ആരോഗ്യം വർദ്ധിപ്പിക്കും. നേത്രപഴങ്ങൾ, മാങ്ങ, ചക്ക, ഓറഞ്ച്, നാരങ്ങ, നെല്ലിക്ക ഇവ കഴിക്കുന്നത് ഉചിതമായിരിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവയെല്ലാം നാട്ടിൽ സുലഭമായി കിട്ടുന്നവയാണ്. എന്നാൽ ഇറക്കുമതി ചെയ്ത പഴവർഗങ്ങളെ ഒന്ന് സൂക്ഷിക്കണം.

തണ്ണിമത്തൻ
തണ്ണിമത്തനാണ് ഇപ്പോൾ വിപണിയിലെ താരം. വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ഡിമാന്റുള്ള പഴമാണ്. വിറ്റമിൻ എ, വിറ്റമിൻ ബി 6,വിറ്റമിൻ ബി1 വിറ്റമിൻ സി, ഫൈബർ,സിങ്ക്, മഗ്‌നീഷ്യം തുടങ്ങി പോഷക ഘടകങ്ങളുടെ കലവറയാണ് ഈ പഴം.സൂര്യപ്രകാശത്തിൽ അടങ്ങിയിട്ടുള്ള അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ വരുത്തുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും തണ്ണിമത്തന് കഴിയും.

നേന്ത്രപഴം
നേന്തപഴത്തിനും ആവശ്യക്കാരുണ്ട്. ആപ്പിളിൽ നിന്ന് കിട്ടുന്ന വൈറ്റമിനേക്കാൾ അധികം വൈറ്റമിനുകൾ ലഭിക്കും. പൊട്ടാസ്യം, മഗ്‌നീഷ്യം എന്നീ ധാതുലവണങ്ങളും വൈറ്റമിൻ ബി.6, വൈറ്റമിൻ സി എന്നിവയുൾപ്പെടെ വിവിധ മൂലകങ്ങളും അടങ്ങിയിട്ടുണ്ട്.

ചക്കപ്പഴം

ചക്കപ്പഴവും ചൂടിന് പ്രതിരോധിക്കും. ശരീരത്തിലെ ജലാംശം നിലനിറുത്താനും സൗന്ദര്യം നിലനിറുത്താനും ഈ പഴത്തിന് കഴിയുമെന്നാണ് പഴമക്കാർ പറയുന്നത്. പഠനങ്ങളും ഇത് ശരിവയ്ക്കുന്നുണ്ട്. വൈറ്റമിൻ സി, ബി എന്നിവയും മിനറൽസും പൊട്ടാസ്യവും ഫൈബറും അടങ്ങിയിട്ടുണ്ട്.

ഓറഞ്ച്

ഓറഞ്ചും ചൂടിന് ആശ്വസം പകരുന്നു. വേനൽക്കാലത്ത് ശരീരത്തിൽ ഊർജ്ജം നിലനിറുത്താൻ ഓറഞ്ചിലടങ്ങിയ ഗുണങ്ങൾക്ക് കഴിയും .ഇത് വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കുക മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ജലത്തിന്റെ അംശം നിലനിറുത്തുകയും ചെയ്യും.