കുമളി : മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി 18ന് പരിശോധന നടത്തും. സെൻട്രൽ വാട്ടർ കമ്മീഷൻ ചീഫ് എഞ്ചിനീയർ രാജേഷ് ചെയർമാനായ ഉന്നതാധികാര സമിതിയിൽ തമിഴ്‌നാട് വാട്ടർ ബോർഡ് അഡീഷണൽ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന, കാവേരി ടെക്‌നിക്കൽ കമ്മറ്റി ചെയർമാൻ സുബ്രമണ്യം കേരള ഇറിഗേഷൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു, ചീഫ് എഞ്ചിനീയർ അലക്‌സ് വർഗീസ് എന്നിവരുൾപ്പെടെ അഞ്ച് അംഗങ്ങളാണുള്ളത്. കഴിഞ്ഞ വർഷം മാർച്ച് 27ന് സമിതി അണക്കെട്ട് സന്ദർശിച്ചിരുന്നു. ഉന്നതാധികാര സമിതിയുടെ സന്ദർശനത്തിന് മുന്നോടിയായി ഫെബ്രുവരി 15 ന് സബ് കമ്മറ്റിയും അണക്കെട്ടിലെത്തിയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെയ്ക്ക് വള്ളക്കടവിൽ നിന്ന് വനത്തിലൂടെയുള്ള റോഡ് ഗതാഗത യോഗ്യമാക്കുന്നതും പ്രധാന അണക്കെട്ടിന്റേയും ബേബി ഡാമിന്റെയും ഇടയിലുള്ള എർത്ത് ഡാം ബല പ്പെടുത്തുന്നതും എർത്ത് ഡാമിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതും പ്രധാന ചർച്ചാവിഷയമായി തമിഴ്‌നാട് ഉന്നയിച്ചേക്കും. ഇവയെല്ലാം വർഷങ്ങളായി കേരളം എതിർത്തു വരുന്ന കാര്യങ്ങളാണ്.