നെടുങ്കണ്ടം : പണം കടം ചോദിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ദമ്പതികളെ അയൽവാസിയായ യുവാവ് വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. പച്ചടി തോട്ടുവാകട മാറാട്ടുകുളം ബീന, ഭർത്താവ് ജോർജ്ജ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി പാറയിൽ ശരത്തി(28) നെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി ഏട്ടുമണിയോടെയാണ് സംഭവം നടന്നത്. അയൽവാസികളായ ജോർജ്ജും ശരത്തും സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്നു. പണം കടമായി ചോദിച്ച്‌കൊണ്ട് ശരത് ഫോൺ വിളിക്കുകയും ഫോൺ എടുത്ത ജോർജ്ജിന്റെ ഭാര്യ ബീന ഇരുവരുടേയും മദ്യപാനത്തെ ചോദ്യം ചെയ്തു. ഇതിനെ തുടർന്ന് ഇരുവരും വാക്കേറ്റത്തിൽ ഏർപ്പെട്ടു. വീട്ടിലെത്തിയ ഭർത്താവിനോട് ഈ കാര്യം പറയുകയും ഇതിനെകുറിച്ച് ചോദിക്കാനായി ഭർത്താവിനെയും കൂട്ടി ബീന അയൽവാസിയായ ശരതിന്റെ വീട്ടിലേയ്ക്ക് ചെന്നു. തുടർന്ന് ഉണ്ടായ വാക്കേറ്റത്തിനിടയിൽ ശരത് കൈയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് ബീനയ്ക്ക് നേരെ വീശുകയായിരുന്നു. വെട്ടു കൊണ്ടതിനെ തുടർന്ന് ബീനയുടെ കൈയ്ക്ക് ആഴത്തിൽ മുറിവേറ്റു. വെട്ട് തടയാൻ ശ്രമിക്കുന്നതിനിടയിൽ ജോർജ്ജിനും പരിക്കേറ്റു. ഇരുവരും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയും തുടർ ചികിത്സക്കായി ബീനയെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.