തൊടുപുഴ: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ പ്രതീക്ഷിച്ചപോലെ ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥിയാകും. ഇത് മൂന്നാം വട്ടമാണ് ഡീൻ ലോക്സഭയിലേക്ക് മാറ്റുരയ്ക്കുന്നത്. 2014ൽ ആദ്യതവണ മത്സരിക്കുമ്പോൾ ഇടതു സ്വതന്ത്രൻ ജോയ്‌സ് ജോർജിനോട് 50,543 വോട്ടുകൾക്ക് പരാജയപ്പെട്ടയാളാണ് ഡീൻ. എന്നാൽ 2019ൽ എല്ലാവരെയും ഞെട്ടിച്ച് അതേ ജോയ്‌സ് ജോർജിനെ 1,71,053 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി 37-ാംവയസിൽ ഇടുക്കിയുടെ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായി. സംസ്ഥാനത്തെ ഏറ്റവും വലിയ നാലാമത്തെ ഭൂരിപക്ഷം കൂടിയായിരുന്നു അത്. എല്ലാ നിയോജക നിയോജകമണ്ഡലങ്ങളിലും പതിനായിരത്തിലേറെ വോട്ടിന്റെ ലീഡ്. ഒന്നൊഴിച്ച് എല്ലാ പഞ്ചായത്തിലും നാല് നഗരസഭകളിലും മേൽക്കൈ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ ഡീൻ കഴിഞ്ഞ രണ്ട് തവണ മത്സരിക്കുമ്പോഴും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. ഇത്തവണ അഞ്ച് വർഷത്തെ പ്രവർത്തന മികവും വികസന പ്രവർത്തനങ്ങളും ജനങ്ങൾക്ക് മുമ്പിൽ വച്ചാണ് ഡീൻ വോട്ട് തേടുന്നത്. മൂന്നാം വട്ടവും ജോയ്സ് ജോർജ്ജിനെ തന്നെയാണ് ഡീൻ നേരിടുന്നതെന്ന പ്രത്യേകതയുമുണ്ട്.

പ്രചാരണം പ്രഖ്യാപനത്തിന് മുമ്പേ

സ്ഥാനാർത്ഥിയായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ രാത്രിയാണ് വന്നതെങ്കിലും ഡീൻ ഒരാഴ്ച മുമ്പ് മുതൽ പ്രചാരണവും ചുവരെഴുത്തും തുടങ്ങിയിരുന്നു. ജില്ലയിലെ പകുതിയിലേറെ സ്ഥലങ്ങളിലും പോസ്റ്ററുകളും ചുവരെഴുത്തുകളും പൂർത്തിയായി.'വീണ്ടും ഡീൻ" എന്നതാണ് പോസ്റ്ററുകളിലെ മുദ്രാവാക്യം. ജോയ്സ് ജോർജ്ജിനെ സ്ഥാനാർത്ഥിയായി ആദ്യം പ്രഖ്യാപിച്ചതിനാൽ ഡീനിന് മുന്നേ പ്രചരണം ആരംഭിച്ചിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥിയെ കൂടി പ്രഖ്യാപിച്ചാലേ ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രം പൂർണമായും വ്യക്തമാകൂ.