ഇടുക്കി: കഴിഞ്ഞ എട്ട് വർഷമായി ഇടുക്കിയിലെ ജനങ്ങളെ തുടർച്ചയായി ദ്രോഹിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയുള്ള ജനവിധിയായി ഈ ലോക്സഭാ തിരഞ്ഞെടുപ്പ് മാറുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം തൊടുപുഴയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര ജനാധിപത്യ സർക്കാർ അധികാരത്തിൽ വരേണ്ടത് ഇടുക്കി ജനതയുടെ നിലനിൽപ്പിന്റെ പ്രശ്‌നം കൂടിയാണ്. ജില്ലയുടെ പ്രാദേശിക വിഷയങ്ങളും ജില്ലയുടെ ആവശ്യങ്ങളും പാർലമെന്റിൽ ഉന്നയിക്കാനും അതിൽ ഏറെയും നേടിയെടുക്കാനും സാധിച്ചു. ഇടുക്കിയിലെ ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും കാത്ത പ്രവർത്തനമാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം നടത്തിയത്. നിരവധി വികസന പ്രവർത്തനങ്ങളും ഇടുക്കിയുടെ ചരിത്രത്തിൽ എഴുതി ചേർത്ത അഞ്ച് വർഷങ്ങളായിരുന്നു കഴിഞ്ഞു പോയത്. നേര്യമംഗലത്ത് പുതിയ പാലം ഉൾപ്പെടെയുള്ള ദേശീയപാതാ വികസനത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. കട്ടപ്പനയിൽ 100 കിടക്കകളുള്ള ഇ.എസ്.ഐ ആശുപത്രിയ്ക്ക് അനുമതി നേടി. തൊടുപുഴയിൽ ജില്ലയിലെ രണ്ടാമത്തെ കേന്ദ്രീയ വിദ്യാലയത്തിനുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തീകരിച്ച് അന്തിമഅനുമതി സമർപ്പിച്ചു. മുല്ലപ്പെരിയാർ, ബഫർ സോൺ, അരികൊമ്പൻ, വന്യജീവി ആക്രമണം പോലുള്ള വിഷയങ്ങളിൽ ഇടുക്കി ജനതയുടെ വികാരം ഉൾക്കൊണ്ട നിലപാട് സ്വീകരിച്ചു. പ്രളയത്തിലും കൊക്കയാർ, പെട്ടിമുടി പ്രകൃതി ദുരന്തങ്ങൾ തുടങ്ങി മണ്ഡലത്തിലെ ജനങ്ങൾക്കുണ്ടായ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും അവരിലൊരാളായി അവർക്കൊപ്പം ഒരു കൈത്താങ്ങായി നിന്നിട്ടുണ്ടെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് താൻ ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രകൃതി ദുരന്തങ്ങളിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് എം.പിയുടെ നേതൃത്വത്തിലുള്ള ഇടുക്കി കെയർ ഫൗണ്ടേഷൻ ഭവനങ്ങൾ നിർമ്മിച്ചു നൽകുന്ന പദ്ധതി പുരോഗമിക്കുകയാണ്. ജില്ലയ്‌ക്കെതിരായി പിണറായി വിജയൻ പുറപ്പെടുവിച്ച ഉത്തരവുകൾ ഓരോന്നായി ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കും. കൊവിഡ് കാലത്ത് എം.പി ഫണ്ട് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. എം.എൽ.എമാർക്ക് കിട്ടുന്ന ഫണ്ട് പോലും എം.പിമാർക്ക് കിട്ടുന്നില്ല. എങ്കിലും ലഭിച്ച തുക ഇടുക്കിയിലെ പിന്നാക്ക മേഖലകളിൽ വിനിയോഗിക്കാൻ സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലുടനീളം എം.പിയുടെ സാന്നിധ്യം ജനങ്ങൾക്ക് അനുഭവപ്പെട്ടെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു പറഞ്ഞു. കെ.പി.സി.സി. ജനറൽ സെക്രട്ടറി എസ്. അശോകൻ, മുൻ ഡി.സി.സി പ്രസിഡന്റ് ജോയി തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ജെ. അവിര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.