തൊടുപുഴ: നഗരമദ്ധ്യത്തിലുള്ള ക്രിസ്റ്റൽ ഹൈപ്പർമാർക്കറ്റിലുണ്ടായ തീപിടത്തത്തിൽ നാല് ഫ്രീസറുകൾ കത്തി നശിച്ചു. ചൂടും പുകയുമടിച്ച് രണ്ട് നിലകളിലായുള്ല നിരവധി സാധനങ്ങളും നശിച്ചു. ഇന്നലെ രാവിലെ 7.50നാണ് സൂപ്പർമാർക്കറ്റിന്റെ രണ്ടാം നിലയിൽ വലിയ പുക ഉയരുന്നത് സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കെട്ടിടത്തിന്റെ രണ്ട് നിലകളിലും പുക നിറഞ്ഞ അവസ്ഥയിലായതിനാൽ വളരെ ബുദ്ധിമുട്ടിയാണ് തീപിടിത്തമുണ്ടായ ഭാഗത്തെത്തിയത്. താഴത്തെ നിലയിൽ അങ്ങേയറ്റത്തുള്ള ഫ്രീസറുകളിലൊന്നിലേക്കുള്ള വയർ ഉരുകിയാണ് തീപിടിത്തമുണ്ടായത്. തൊടുപുഴയിൽ നിന്നുള്ള രണ്ടും കലൂർക്കാട് നിന്നുള്ള ഒരു യൂണിറ്റും ചേർന്ന് 15 മിനിട്ടിനകം തീയണച്ചു. രാവിലെ സൂപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിക്കുന്നതിന് മുമ്പായതിനാൽ വലിയ ദുരന്തമാണുണ്ടായത്. ജില്ലാ ഫയർ ഓഫീസർ കെ.ആർ. ഷിനോയ്,​ സ്റ്റേഷൻ ഓഫീസർ അബ്ദുൾസലാം,​ അസി. ഓഫീസർ ജാഫർഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.

കെട്ടിടത്തിന്

എൻ.ഒ.സി ഇല്ല​

സൂപ്പർമാർക്കറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് ഫയർ ആന്റ് സേഫ്ടി എൻ.ഒ.സി ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. കെട്ടിടത്തിന് അത്യാവശ്യത്തിന് വെന്റിലേഷനോ എമർജൻസി എക്സിറ്റോ ഇല്ല. ആകെ ഒരു എൻട്രൻസും ഒരു സ്റ്റെയർകേസും മാത്രമാണുള്ളത്. സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്ന സമയത്താണ് അപകടമുണ്ടാകുന്നതെങ്കിൽ വലിയ ദുരന്തമുണ്ടാകുമായിരുന്നെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ഫയർ ആന്റ് സേഫ്‌റ്റി നിയമപ്രകാരമുള്ള മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കെട്ടിട ഉടമയ്ക്കും പ്രവർത്തനാനുമതി നൽകിയ നഗരസഭാ സെക്രട്ടറിയ്ക്കും അടുത്ത ദിവസം കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് ഫയർഫോഴ്സ് തൊടുപുഴ സ്റ്റേഷൻ ഓഫീസർ അബ്ദുൾ സലാം പറഞ്ഞു.