
രാജാക്കാട്:രാജാക്കാട് ആയുർവ്വേദ ഡിസ്‌പെൻസറി ആയൂഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററിന് എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജിൽ നിന്നും മെഡിക്കൽ ഓഫീസറും,പഞ്ചായത്ത് അധികാരികളും ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സർക്കാരിന്റെ വിവിധ മാനദണ്ഡങ്ങൾ പ്രകാരം മികവുറ്റ പ്രവർത്തനങ്ങൾ നടത്തിയതിനാണ് രാജാക്കാട് ആയുർവ്വേദ ഡിസ്‌പെൻസറിക്ക് അക്രഡിറ്റേഷൻ ലഭിച്ചത്.രോഗിസൗഹൃദം, അടിസ്ഥാനവികസനം,ഔഷധ ഗുണമേന്മ,രോഗി സുരക്ഷ,അണുബാധ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളിലെ വിലയിരുത്തൽ പരിഗണിച്ചാണ് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് അക്രഡിറ്റേഷൻ നൽകിയത്.വയോജനങ്ങൾക്ക് വേണ്ടിയുള്ള വയോനിലാവ്,പാലിയേറ്റീവ് കെയർ,ജീവിതശൈലി രോഗ ക്ലിനിക്, ഗർഭിണികൾക്കും പ്രസവാനന്തര ചികിത്സയും മുൻനിർത്തി ജില്ലാ പഞ്ചായത്തിന്റെ മാതൃ വന്ദനം,ആരോഗ്യ ബോധവത്കരണ ക്ലാസുകൾ,സൗജന്യ യോഗ പരിശീലനം,കൗൺസിലിംഗ്,ഔഷധ സസ്യ പരിചയം,മെഡിക്കൽ ക്യാമ്പ് എന്നിവയാണ് ഡിസ്‌പെൻസറിയിൽ നടത്തിവരുന്നത്.മെഡിക്കൽ ഓഫീസർ ഡോ.വി.എസ് നീനയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. എസ് സതി,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി പാലക്കാട്ട്,എച്ച് എം സി ഭാരവാഹികളായ സിബി കൊച്ചുവള്ളാട്ട്,ഷാജി അമ്പാട്ട്,ബാബു വെട്ടിക്കാട്ട്,റ്റി.കെ സുകുമാരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിലാണ് ഡിസ്‌പെൻസറിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.