തൊടുപുഴ: മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായ വന്യജീവികളുടെ ആക്രമണം തടഞ്ഞു നിറുത്താൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കർഷകസമിതി നാളെ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ മൂന്നാർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് സംയുക്ത കർഷകസമിതി ജില്ലാ ചെയർമാൻ മാത്യു വർഗീസും കൺവീനർ റോമിയോ സെബാസ്റ്റ്യനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് നടക്കുന്ന മാർച്ച് എം.എം. മണി എം.എൽഎ ഉദ്ഘാടനം ചെയ്യും. 1972ലെ കേന്ദ്ര സർക്കാരിന്റെ വന്യജീവി സംരക്ഷണ നിയമമാണ് പ്രശ്‌നങ്ങളുടെ മൂലകാരണം. ഈ നിയമം കർശനമായി നടപ്പാക്കാൻ 2011ലെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രിയായ ജയറാം രമേശ് കൊണ്ടുവന്ന ഭേദഗതിയും 2022ൽ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ഭേദഗതിയും നിയമം കൂടുതൽ കർക്കശമാക്കി. നിയമഭേദഗതിയിലൂടെയല്ലാതെ വന്യജീവി ആക്രമണത്തെ ഫലപ്രദമായി തടയാൻ കഴിയില്ലെന്നത് വ്യക്തമാണ്. വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ രണ്ടു വർഷം മുമ്പ് 650 കോടിയുടെ വിശദമായ പദ്ധതി തയ്യാറാക്കി കേന്ദ്രസർക്കാരിനു സമർപ്പിച്ചിരുന്നു. പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനോടൊപ്പം മൃഗങ്ങളുടെ ആക്രമണത്തിന് ഇരയായി പരിക്കുപറ്റുന്ന ആശ്രിതർക്ക് നൽകുന്ന നഷ്ടപരിഹാര തുക കാലോചിതമായി വർദ്ധിപ്പിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വന്യമൃഗശല്യം പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിയമ നടപടികൾക്ക് അംഗീകാരം നൽകാൻ കേന്ദ്രസർക്കാർ മടികാണിക്കുന്നത് ഈ രംഗത്ത് പ്രതിസന്ധി രൂക്ഷമാക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വിവിധ സംഘടനാ നേതാക്കളായ പി.പി. ചന്ദ്രൻ, കുര്യാച്ചൻ പൊന്നാമറ്റം എന്നിവർ പങ്കെടുത്തു.