
തൊടുപുഴ: കൈകാലുകൾ ബന്ധിച്ച് ഏഴാം ക്ലാസ്സുകാരനായ അസ്ഫർ ദിയാൻ വേമ്പനാട്ടുകായൽ നീന്തി ക്കയറി. വേൾഡ് വൈഡ് റെക്കോർഡ്‌സ് ലക്ഷ്യമിട്ടാണ് ഇത് നടത്തിയത്. ചേർത്തല വടക്കുംകര അമ്പലക്കടവിൽ നിന്നും വൈക്കം ബീച്ച് വരെയുള്ള ഏഴു കിലോമീറ്റർ ഭൂരം 1 മണിക്കൂർ 17 മിനിറ്റുകൊണ്ട് നീന്തിയാണ് അസ്ഫർ ദിയാൻ റെക്കോർഡ് സ്വന്തമാക്കിയത്. കൈയും കാലും കെട്ടി 7 കിലോമീറ്റർ നീന്തുന്ന പ്രായം കുറഞ്ഞ കുട്ടിയാണ് അസ്ഫർ ദിയാൻ. കോതമംഗലം ഡോൾഫിൻ അക്വാടിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പനാണ് പരിശീലനം നൽകിയത്. രാവിലെ 8:30 ആരംഭിച്ച നീന്തൽ അരൂർ എം എൽ എ ദലീമ ജേജോ ഫ്‌ളാഗ് ഓഫ് ചെയ്തു. കോതമംഗലം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ദി വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിയായ അസ്ഫറിന്റെ പ്രകടനം കാണാൻ സ്‌കൂളിൽ നിന്നും അദ്ധ്യാപകരും കുട്ടികളും എത്തിയിരുന്നു. നീന്തൽ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമുള്ള പൊതുചടങ്ങിൽ അസ്ഫറിനെ ആദരിച്ചു. കോതമംഗലം മാതിരപ്പിള്ളി സ്വദേശിയായ അമിൻ ബാബുവിന്റെയും ബനിലയുടെയും മകനാണ് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ അസ്ഫർ ദിയാൻ.