തൊടുപുഴ: ഇടുക്കി പ്രസക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാദ്ധ്യമ പ്രവർത്തകനായിരുന്ന കെ.പി. ഗോപിനാഥിന്റെ 16-ാമതു അനുസ്മരണവും അവാർഡ് ദാനവും 11ന് പ്രസ്‌ക്ലബ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ.പിഗോപിനാഥിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന 2024ലെ മാദ്ധ്യമ പുരസ്‌കാരത്തിന് മലയാള മനോരമ മലപ്പുറം യൂണിറ്റ് സീനിയർ സബ് എഡിറ്റർ ടി.അജീഷ് അർഹനായി. 2023 നവംബറിൽ മനോരമ സൺഡേ സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ച ആനയും ഷബ്‌നയും ഒരു സ്‌നേഹചങ്ങല എന്ന ഫീച്ചറിനാണ് അവാർഡ്. രാവിലെ 11.30ന് ചേരുന്ന സമ്മേളനത്തിൽ പൊലീസ് മുൻ ഐ.ജി എസ്‌. ഗോപിനാഥ് അനുസ്മരണ പ്രഭാഷണവും അവാർഡ് ദാനവും നിർവഹിക്കും. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. ഡീൻ കുര്യാക്കോസ് എം.പി യോഗം ഉദ്ഘാടനം ചെയ്യും. ദീപിക മുൻ അസോസിയേറ്റ് എഡിറ്റർ ടി.സി.മാത്യു, ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ ആർ. സാംബൻ, മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ ടി. അരുൺകുമാർ എന്നിവരടങ്ങുന്ന അവാർഡ് നിർണയ കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. വാർത്താസമ്മേളനത്തിൽ പ്രസക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ, വൈസ് പ്രസിഡന്റുമാരായ എം. ബിലീന, അഫ്‌സൽ ഇബ്രാഹിം, ജോയിന്റ് സെക്രട്ടറി പി.കെ. ലത്തീഫ് എന്നിവർ പങ്കെടുത്തു.