പീരുമേട്: സാഹസിക വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നതും നൂറിലധികം അന്തർദേശീയ, ദേശീയ പ്രശസ്ത ഗ്ലൈഡർമാർ പങ്കെടുക്കുന്നതുമായ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ 14 മുതൽ 17 വരെ വാഗമണ്ണിൽ നടക്കും. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി പാരാഗ്ലൈഡിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടുകൂടിയാണ് പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.വിവിധ രാജ്യങ്ങളിൽനിന്നടക്കമുള്ളവർ ഫെസ്റ്റിവലിന്റെ ഭാഗമാകും പതിനഞ്ചിലധികം രാജ്യങ്ങൾ ഈ സീസണിൽ പങ്കെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ ലോകപ്രശസ്ത റൈഡർമാരും അന്താരാഷ്ട്ര ചാമ്പ്യന്മാരും പരിപാടിയിൽ പങ്കെടുക്കും.

അമേരിക്ക, നേപ്പാൾ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും ഡൽഹി, ഗോവ, മഹാരാഷ്ട്ര, ഹിമാചൽപ്രദേശ്, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഫെസ്റ്റിവലിൽ പങ്കെടുക്കും.

സന്ദർശകർ ഒഴുകിയെത്തും

ഭൂപ്രകൃതിയും കാറ്റിന്റെ ദിശയും പരിശോധിക്കുന്നതിനായി പൈലറ്റുമാരും ഗ്ലൈഡറുമാരും നടത്തുന്ന ട്രയൽ റണ്ണുകളും ഗംഭീരമായ എയറോഷോയും കാണാൻ ആയിരക്കണക്കിന് സന്ദർശകർ വന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഗമൺ കുന്നുകളിൽ നടക്കുന്ന പാരാഗ്ലൈഡിംഗ് ചാമ്പ്യൻഷിപ്പ് ജനകീയമാക്കാനും ഫെസ്റ്റിവൽ ആകർഷകമാക്കാനുമുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്ക് പാരാഗ്ലൈഡിംഗും, മറ്റ് സാഹസിക കായിക വിനോദങ്ങളും ജനകീയമാക്കുന്നതിന് കെ.എ.ടി.പി.എസും വിനോദസഞ്ചാര വകുപ്പും ഒരുങ്ങുകയാണ്.