പീരുമേട്: ആ പാവപ്പെട്ട ഇരുപത്തിയെട്ട് കുടുംബങ്ങൾക്ക് പട്ടയം പോക്ക് വരവ്ചെയ്യാനായി കാത്തിരിപ്പ് ഇനി അവസാനിപ്പിക്കാം, ഒടുവിൽ അവർക്ക് രക്ഷയ്ക്ക് കളക്ടറുടെ ഉത്തരവെത്തി. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പട്ടയം കൈയിൽ കിട്ടിയിട്ടും കരം ഒടുക്കാനാകാതെ കഴിഞ്ഞിരുന്ന പീരുമേട് പഞ്ചായത്തിലെ ലാൻട്രം പുതുവൽ, റാണി മുടി , വണ്ടിപ്പെരിയാർ പഞ്ചായത്തിലെ മ്ലാമല, തേങ്ങാക്കൽ പുതുവൽ,110 പുതുവൽ, ഇവിടങ്ങളിൽ താമസിക്കുന്ന 28 കുടുംബങ്ങളുടെ പട്ടയം പോക്ക് വരവ് ചെയ്തു നൽകാനാണ് കളക്ടർ ഷീബാ ജോർജ് ഉത്തരവ് നൽകിയത്. പീരുമേട്, മഞ്ചു മല, ഏലപ്പാറ, വില്ലേജുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമായ ഇവിടെ റീസർവ്വേ നടന്നപ്പോൾ പല വീടുകളും വില്ലേജുകൾ മാറിപ്പോയി. ഇതോടെ ഇവർ ഒരു വില്ലേജിലും ഉൾപ്പെടാത്തവരുടെ ലിസ്റ്റിലേക്കെന്നപോലെയായി. പിന്നീടാണ് ഇവരെ ഏലപ്പാറ വില്ലേജിൽ ഉൾപ്പെടുത്തി പ്രശ്നപരിഹാരമായത്.
ഇടപെട്ടത്
മനുഷ്യാവകാശ കമ്മീഷൻ
30 സെന്റ് മുതൽ രണ്ടേക്കർ വരെയുള്ള വസ്തുവിനാണ് സർക്കാർ പട്ടയം നൽകിയിരുന്നത്. തോട്ടം തൊഴിലാളികളും, പാവപ്പെട്ടവരുമാണ് പട്ടയത്തിനുടമകൾ ഇവർ മാസങ്ങളായി സർക്കാർ ആഫീസുകൾ കയറി ഇറങ്ങിയിരുന്നത്. . ഇടുക്കിയിൽ നടന്ന പട്ടയമേളയിൽ ലഭിച്ച പട്ടയങ്ങളാണ് പോക്കുവരവ് ചെയ്യാൻ കഴിയാതെ പ്രതിസന്ധിയിലായത്. കേരള കൗമുദി ഇതു സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ പ്രതിസന്ധി കാണിച്ച് മനുഷ്യവകാശ കമ്മിഷൻ അംഗം ഗിന്നസ് മാടസാമി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. പട്ടയം ലഭിച്ചിട്ടും കരം ഒടുക്കാൻ കഴിയാതിരുന്ന പട്ടയം ഉടമകൾ ഇപ്പോൾ ഏറെ ആഹ്ളാദത്തിലാണ്.