crowd

കട്ടപ്പന: ദുരൂഹമായ ഇരട്ടക്കൊലപാതകത്തിൽ ഞെട്ടലും ഭീതിയും വിട്ടുമാറാതെ തരിച്ചിരിക്കുകയാണ് കട്ടപ്പനയിലുള്ളവർ. കട്ടപ്പനയിലെ ചുമട്ടുതൊഴിലാളിയായിരുന്ന സാഗര ജംഗ്ഷൻ നെല്ലിപ്പള്ളിൽ ഗോവിന്ദന്റെ മൂന്നു മക്കളിൽ ഏക മകനാണ് വിജയൻ. ഭാര്യ സുമയും രണ്ടു മക്കളുമായി പശുവളർത്തലും മറ്റുമായി ജീവിച്ചു വന്ന ഇടത്തരം സാമ്പത്തികവും ചുറ്റുപാടുമുള്ള കുടുംബത്തെ പറ്റി ഇവിടത്തെ നാട്ടുകാർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. പിതാവിന്റെ മരണ ശേഷം പുരയിടം ഘട്ടംഘട്ടമായി പലപ്പോഴായി വിറ്റ വിജയൻ 2016 കാലഘട്ടത്തിലാണ് വീടുൾപ്പെടെ ഇവിടെ നിന്ന് വിറ്റുപോകുന്നത്. ക്ഷീരകർഷനായ വിജയനും കട്ടപ്പനയിൽ അപ്പം ഉണ്ടാക്കി വിൽക്കുന്ന കടയിൽ ജോലിക്കു പോകുന്ന സുമയും മക്കളായ വിഷ്ണുവും വിദ്യയുമടങ്ങുന്നതായിരുന്നു കുടുംബം. കൈയ്ക്ക് വിറയലുള്ള മകൾക്ക് ചികിത്സയ്‌ക്കൊപ്പം പ്രാർത്ഥനയും വേണമെന്ന് സുമയെ തെറ്റിദ്ധരിപ്പിച്ച് കേസിലെ പ്രതിയായ നിതീഷ് ഇവിടെ കയറി കൂടിയതോടെയാണ് ഈ കുടുംബം നാട്ടുകാരുമായി സഹകരിക്കാതായത്. അന്ധവിശ്വാസം കൂടുതലായതാണ് ഇത്തരത്തിൽ ദുരവസ്ഥയ്ക്ക് കാരണമെന്ന് അയൽവാസികൾ പറയുന്നു. ഈ വീടിനോടു ചേർന്നുള്ള തൊഴുത്തിലാണ് നവജാത ശിശുവിനെ കൊലപ്പെടുത്തി മറവു ചെയ്തതെന്ന വിവരം അറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. കാരണം പെൺകുട്ടി ഗർഭിണി ആയതും കുഞ്ഞു ജനിച്ചതുമൊന്നും ഇവരിൽ കൂടുതൽ പേർക്കും ഇതുവരെ അറിയില്ലായിരുന്നു. കുഞ്ഞു ജനിച്ച വിവരം ചിലരൊക്കെ അറിഞ്ഞു വന്നപ്പേഴേക്കും ഇവർ രായ്ക്കു രായ്മാനം വീട്ടുവിറ്റ് സ്ഥലം വിട്ടു.ഈ വീട്ടിലിപ്പോൾ വാടകയ്ക്ക് താമസിക്കുന്നവരും കൊലപാതകമറിഞ്ഞ് ഇവിടെ നിന്നും മാറി താമസിക്കാനുള്ള തയ്യാറെടുപ്പിലാണ്‌.

വീട്ടുടമയെയും പറ്റിച്ചു

വിഷ്ണുവും കുടുംബവും താമസിച്ചിരുന്ന വാടക വീടിന്റെ ഉടമസ്ഥയോട് ഇവർപറഞ്ഞിരുന്നത് മുഴുവൻ കള്ളം. കള്ളം പറഞ്ഞും തെറ്റിദ്ധരിപ്പിച്ചുമാണ് കൊല്ലപ്പെട്ട വിജയന്റെ മകൻ വിഷ്ണു വീട് വാടയ്‌ക്കെടുത്തതെന്ന് വീട്ടുടമ സോളി പറഞ്ഞു. 2023 ജൂൺ 23നാണ് പ്രതികൾ വാടക വീടെടുക്കുന്നത്. വിഷ്ണുവും വിജയനും ചേർന്നായിരുന്നു വാടക വീട് എടുക്കാൻ വന്നത്. അമ്മയെയും സഹോദരിയെയും കണ്ടിട്ടില്ല. പേര് അജിത്ത് എന്നാണെന്നും പി.എസ്.സിക്ക് പഠിക്കുകയാണെന്നുമാണ് വിഷ്ണു പറഞ്ഞത്. അച്ഛനും മകനും താമസിക്കാനാണെന്ന് പറഞ്ഞാണ് കൊല്ലപ്പെട്ട വിജയന്റെ പേരിൽ വീട് വാടകക്കെടുത്തത്. അമ്മയും സഹോദരിയും പൂനെയിലാണെന്നു പറഞ്ഞു.

വാടകവീട്ടിലേക്ക് ഉടമ ചെല്ലാതിരിക്കാൻ വാടക പണം വീട്ടിലെത്തിച്ചു നൽകിയിരുന്നു. ഒരുതവണ നിതീഷും വിജയനും ചേർന്നാണ് വന്നതെന്നും നിതീഷിനെ കസിൻ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്നും വീട്ടുടമ പറഞ്ഞു. നിതീഷ് താമസിക്കുന്ന വിവരവും അറിഞ്ഞിരുന്നില്ല. 17 വർഷമായി പരിചയമുള്ള അയൽവാസികളാണ് വീട് വാടകയ്ക്കു നൽകാൻ ഇടനിലക്കാരായതെന്നും സോളി പറഞ്ഞു. വാടകവീട്ടിൽ പലതവണ എത്തിയപ്പോഴും ആരെയും കണ്ടിരുന്നില്ല. നിതീഷിന്റെയും വിഷ്ണുവിന്റെയും പേരുകൾ മാറ്റിയാണ് വീട്ടുടമയോട് പറഞ്ഞിരുന്നത്. വിഷ്ണുവിന്റെ പേര് അജിത്ത് എന്നും നിതീഷിന്റെ പേര് ആദ്യം ശ്രീഹരി എന്നും പിന്നീട് പ്രണവ് എന്നുമാണ് പറഞ്ഞിരുന്നതെന്നും വീട്ടുടമ പറഞ്ഞു.