കട്ടപ്പന: കൊല്ലപ്പെട്ട വിജയന്റെയും കുടുംബാംഗങ്ങളുടെയും അന്ധവിശ്വാസം മുതലെടുത്താണ് സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നിതീഷ് ഈ കുടുംബത്തിൽ കയറിപ്പറ്റിയത്. ഇയാൾ പിന്നീട് പതിയെ കുടുംബത്തിന്റെ വിശ്വാസം നേടിയെടുത്തു. വിജയന്റെ മകൾക്ക് പ്രത്യേക കഴിവുകളുണ്ടെന്ന് വിശ്വസിപ്പിച്ചാണ് നിതീഷ് ഇവരെ പൊതുസമൂഹത്തിൽ നിന്ന് മാറ്റി നിറുത്തിയതെന്നാണ് പറയുന്നത്. മറ്റുള്ളവരുമായി ഇടപഴകിയാൽ ശക്തി ക്ഷയിക്കുമെന്നാണത്രേ ഇയാൾ കുടുംബത്തെ വിശ്വസിപ്പിച്ചത്. നിതീഷിന്റെ നിർദേശങ്ങൾക്കനുസരിച്ച് അവർ ജീവിതരീതി വരെ മാറ്റി. ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നുമെല്ലാം അകലം പാലിക്കാനും ഇവർക്ക് നിർദേശം നൽകി. 2016ൽ വീടും സ്ഥലവും വിറ്റപ്പോഴും ആരും അറിഞ്ഞിരുന്നില്ല. ഒടുവിൽ വാടകവീടുകൾ മാറിമാറി താമസിക്കാൻ തുടങ്ങിയതോടെ ഇവരെ കാണാതായെന്നു വ്യക്തമാക്കി ഒരു ഘട്ടത്തിൽ വിജയന്റെ സഹോദരി പൊലീസിൽ പരാതി നൽകിയിരുന്നത്രേ. പിന്നീട് പലസ്ഥലങ്ങളിലായി വാടകയ്ക്ക് താമസിച്ചശേഷമാണ് കാഞ്ചിയാർ കക്കാട്ടുകടയിലെ വാടക വീട്ടിലേക്ക് മാറിയത്. പിന്നാലെ സ്ഥിരമായി പലയിടങ്ങളിലായി കാണാറുണ്ടായിരുന്ന വിജയനെ ആരും കണ്ടിട്ടില്ല. കൊലപാതത്തിലേക്ക് നയിച്ചത് വിജയനും നിതീഷും തമ്മിലുള്ള സാമ്പത്തിക തർക്കമായിരുന്നെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. തർക്കത്തിനിടെ നിതീഷ് ഷർട്ടിൽ പിടിച്ചുവലിച്ചു നിലത്തിട്ടശേഷം ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് എഫ്.ഐ.ആറിൽ പറയുന്നു. വിജയന്റെ ഭാര്യ സുമയുടെയും മകൻ വിഷ്ണുവിന്റെയും സഹായം ഇതിനുണ്ടായിരുന്നു. വിഷ്ണുവിന്റെ സഹായത്തോടെ വീട്ടിലെ ഒരു മുറിയിൽ കുഴിയെടുത്തു മൃതദേഹം മൂടി. വിജയന്റെ മകൾക്കുണ്ടായ കുഞ്ഞിനെ കൊലപ്പെടുത്തിയതും മന്ത്രവാദത്തിന്റെ മറവിലാണെന്ന് സംശയിക്കപ്പെടുന്നു.