കട്ടപ്പന: നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് കട്ടപ്പന നഗരത്തിലെ വർക്ക് ഷോപ്പിൽ മോഷണശ്രമത്തിനിടെ പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തപ്പോൾ. മാർച്ച് രണ്ടിനു പുലർച്ചെയാണ് മോഷണശ്രമത്തിനിടെ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്- 31) എന്നിവർ പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചത്. കക്കാട്ടുകവലയിലെ വിഷ്ണുവിന്റെ വാടക വീട്ടിലെത്തി പൊലീസ് പരിശോധന നടത്തുമ്പോൾ അമ്മയെയും സഹോദരിയെയും വീട്ടിനുള്ളിൽ അടച്ചിട്ട നിലയിൽ കണ്ടെത്തി. പൊലീസ് ചോദിച്ച ചോദ്യങ്ങൾക്ക് ഇരുവരും പരസ്പര വിരുദ്ധമായാണ് മറുപടി നൽകിയത്. തുടർന്ന് പ്രതികളെ ചോദ്യം ചെയ്‌തപ്പോഴും മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. പൊലീസ് രഹസ്യാന്വേഷണവിഭാഗം ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. വിജയനെ കാണാതായെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കളിൽ ചിലർ പറഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഒരുമിച്ചു താമസിക്കുന്ന കക്കാട്ടുകടയിലെ വാടകവീടിന്റെ തറ പുതുതായി കോൺക്രീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. വീട് പരിശോധിച്ചപ്പോൾ ദുർമന്ത്രവാദത്തിന്റെയും ആഭിചാര ക്രിയകളുടെയും തെളിവുകളും ലഭിച്ചു. വിഷ്ണുവിന്റെ അമ്മ സുമയെയും സഹോദരിയെയും പൊലീസ് ഷെൽറ്റർ ഹോമിലേക്ക് മാറ്റിയിരുന്നു. മോഷണശ്രമത്തിനിടെ പരിക്കേറ്റ് പ്രതികളിലൊരാളായ വിഷ്ണു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.