അറക്കുളം: അനധികൃതമായി മണ്ണുമായി എത്തിയ ലോറി തടഞ്ഞ് സംഘർഷമുണ്ടാക്കിയ കേസിൽ 11 പേർ റിമാൻഡിൽ. ശനിയാഴ്ച രാവിലെ മണ്ണുമായി എത്തിയ ലോറിയാണ് അറക്കുളത്ത് ഒരു വിഭാഗം തടഞ്ഞത്. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു. തുടർന്നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് അറക്കുളം സ്വദേശിയുടെ കരിങ്കൽ കയറ്റിയെത്തിയ ലോറി കാഞ്ഞാർ സ്വദേശികൾ തടഞ്ഞിരുന്നു. ഇവർ തമ്മിലുള്ള വാക്കേറ്റം കൈയ്യാങ്കളിയിലെത്തി. അഴകത്തേൽ അനീഷ്, ചക്കിയാനിക്കുന്നേൽ ഷമീർ എന്നിവരുടെ നേതൃത്വത്തിലാണ് സംഘർഷം നടന്നത്. ഇരുവിഭാഗത്തിൽ നിന്നുമായി 11 പേരെ കാഞ്ഞാർ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവർക്കെതിരെ വധശ്രമത്തിനടക്കം കേസെടുത്തു. ഷമീർ, അനീഷ്, അനിൽ, അമൽബാബു, ജോളിൻസ്, റെജിമോൻ, നാഫിസ് കലാം, ശരത്കുമാർ, ആരോമൽ, മാഹിൻ, സുനിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നലെ അടിമാലി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കുറെ കാലങ്ങളായി കാഞ്ഞാർ, അറക്കുളം ഭാഗത്തുള്ള സംഘങ്ങൾ പരസ്പരം പരാതി നൽകുകയും വാഹനങ്ങൾ തടഞ്ഞ് ഇത് പൊലീസിനു കൈമാറുന്നതും പതിവായിരുന്നു. ഇവർ തമ്മിലുള്ള കൈയേറ്റങ്ങൾ പലപ്പോഴും അതിരുവിടുകയും ചെയ്തിരുന്നു. ഇരു സംഘങ്ങൾക്കും പൊലീസിന്റെയും നേതാക്കളുടെയും സഹായമുള്ളതിനാൽ കേസെടുത്താലും പുറത്തിറങ്ങി വീണ്ടും ആക്രമണം നടത്തുന്നത് പതിവായിരിക്കുകയാണ്. ഇവരുടെ മൂന്ന് ടിപ്പർ ലോറി ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലാണ്.