
കട്ടപ്പന: ഇരട്ടക്കൊലപാതക കേസിൽ തൊഴുത്തിൽ കൊന്ന് കുഴിച്ചു മൂടിയെന്ന് കരുതുന്ന നവജാത ശിശുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ രണ്ടാം ദിനവും കണ്ടെത്താനായില്ല. തിരച്ചിലിന്റെ ഭാഗമായി ഇന്നലെ കട്ടപ്പന സാഗര ജംഗ്ഷനിലെ വീടിനടുത്തുള്ള തൊഴുത്തിന്റെ തറ പൊളിച്ചുമാറ്റി രണ്ടര മണിക്കൂറോളം പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ മുഖ്യപ്രതി നിതീഷ് മൊഴിമാറ്റിയതും പൊലീസിനെ കുഴക്കി. കേസിൽ കൊല്ലപ്പെട്ട വിജയന്റെ മകൾക്ക് 2016ൽ ജനിച്ച കുഞ്ഞിനെ കൊലപ്പെടുത്തി വീടിന് സമീപത്തെ തൊഴുത്തിൽ കുഴിച്ചുമൂടിയെന്നായിരുന്നു നിതീഷിന്റെ ആദ്യ മൊഴി. സ്ഥലം വിൽക്കാൻ തീരുമാനിച്ചപ്പോൾ മൃതദേഹം തിരിച്ചു കിട്ടാനാകാത്തവിധം നശിപ്പിച്ചെന്നും നിതീഷ് ഇന്നലെ മൊഴി നൽകിയതായാണ് വിവരം. ഇതോടെ കൂട്ട് പ്രതിയായ വിഷ്ണുവിനെയും വിജയന്റെ ഭാര്യ സുമയെയും പൊലീസ് ചോദ്യം ചെയ്തു. മൃതദേഹം തൊഴുത്തിൽ മറവ് ചെയ്തെന്ന മൊഴി ഇവർ ആവർത്തിച്ചതോടെ പൊലീസ് വീണ്ടും പരിശോധന നടത്തുകയായിരുന്നു. വരും ദിവസങ്ങളിൽ നിതീഷുമായെത്തി പരിശോധന തുടരുമെന്നാണ് സൂചന.
2016 ജൂലായിലാണ് നവജാത ശിശുവിന്റെ കൊലപാതകം നടന്നത്. നിതീഷിന് വിജയന്റെ മകളിൽ ഉണ്ടായ ആൺഞ്ഞിനെ, അഞ്ച് ദിവസം മാത്രം പ്രായമുള്ളപ്പോൾ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നെന്ന് പൊലീസ് പറയുന്നു. നിതീഷ് കുഞ്ഞിനെ തുണി കൊണ്ട് മുഖത്ത് കെട്ടി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കുഞ്ഞിനെ കാലിലും കൈയിലും പിടിച്ചത് കൊല്ലപ്പെട്ട വിജയനും മകൻ വിഷ്ണുവുമായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വിഷ്ണു (29) ആശുപത്രി വിട്ടാലുടൻ അറസ്റ്റ് രേഖപ്പെടുത്തും. വിഷ്ണുവിന്റെ അമ്മ സുമയെയും (56) വൈകാതെ അറസ്റ്റ് ചെയ്യും. ഞായറാഴ്ച വിഷ്ണുവിന്റെ പിതാവ് വിജയന്റെ മൃതദേഹം കക്കാട്ടുകടയിലെ വാടക വീടിനുള്ളിലെ തറപൊളിച്ച് കണ്ടെത്തിയിരുന്നു.