
കാഞ്ഞാർ: കാഞ്ഞാർ കൂരവളവിന് സമീപം മാണിമംഗലത്ത് ജോസഫ് ജോണിന്റെ വീട്ടിലെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു. ഇന്നലെ വൈകിട്ട് 5.15നാണ് സംഭവം. പുതിയ ഗ്യാസ് സിലണ്ടർ ഗ്യാസ് സ്റ്റൗവുമായി ഘടിപ്പിച്ചതിന് ശേഷം സ്റ്റൗ ലൈറ്റർ ഉപയോഗിച്ച് കത്തിപ്പോൾ പെട്ടന്ന് ഹോസ് വഴി തീ ഗ്യാസ് സിലണ്ടറിലേക്ക് പടരുകയായിരുന്നു. ഗ്യാസ് സിലണ്ടറിന് തീപിടിക്കുന്നത് കണ്ടയുടനെ ജോസഫ് ജോൺ കയർ കെട്ടി ഗ്യാസ് സിലണ്ടർ അടുക്കളയുടെ വാതിൽ വഴി പുറത്തേക്ക് വലിച്ചു ചാടിച്ചു. ജോസഫ് ജോണിന്റെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. അടുക്കള വാതിലിനോട് ചേർന്ന് വീട്ടുമുറ്റത്ത് കിടന്ന് വലിയ ശബ്ദത്തോടെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു. ജോസഫ് ജോണും ഭാര്യ ലീലാമ്മയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വലിയ സ്ഫോടന ശബ്ദം കേട്ട് സമീപവാസികൾ ജോസഫ് ജോണിന്റെ വീട്ടിലേക്ക് ഓടിയെത്തി.അടുക്കള ഭാഗത്തെ ഷെയ്ഡും ജനലുകളും സ്ഫോടനത്തിൽ തകർന്നു. വീടിനുള്ളിൽ വെച്ച് സിലണ്ടർ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ അത് വലിയ അപകടത്തിന് കാരണമാകുമായിരുന്നു. തീ പിടിച്ച ഉടനെ സിലണ്ടർ പുറത്തെത്തിക്കാൻ കഴിഞ്ഞത് അപകടത്തിന്റെ ആഘാതം കുറച്ചു.