തൊടുപുഴ: യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷൻ ഓഫ് ഇന്ത്യ ഇടുക്കി യൂണിറ്റ്, പറമ്പിക്കുളം കടുവാ സങ്കേതത്തിൽ സംഘടിപ്പിച്ച ത്രിദിന പ്രകൃതി പഠന ക്യാമ്പ് സമാപിച്ചു. വനവും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പുതിയ തലമുറയിലേയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യവുമായിട്ടാണ് ഈ പഠനയാത്ര സംഘടിപ്പിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുപതോളം യുവതീയുവാക്കൾ ക്യാമ്പിൽ പങ്കാളികളായി. വാഹനത്തിലും കാൽനടയായും രണ്ടു ബാച്ചായി അംഗങ്ങൾ വനയാത്രയും ബാംബു റാഫ്ടിംഗും നടത്തി. ലോകത്തിലെ ഏറ്റവും വലിയതെന്ന് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംനേടിയ കന്നിമാരി തേക്കും അംഗങ്ങൾ സന്ദർശിച്ചു. പങ്കെടുത്തവർക്ക് പറമ്പിക്കുളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സി. അജയൻ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഇബ്രാഹിം ബാദുഷ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷൻ ഭാരവാഹികളായ എൻ. രവീന്ദ്രൻ, ആർ. മോഹൻ, ഷിജുമോൻ ലൂക്കോസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.