dam

രാജാക്കാട്: പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ആനയിറങ്കൽ ഡാമിന്റെ റിവർ സ്ലൂയിസ് ഗെയിറ്റ് തുറന്നു. പൊന്മുടി അണക്കെട്ടിൽ ജലനിരപ്പ് 39 ശതമാനത്തിലേക്ക് എത്തിയതോടെയാണ് പദ്ധതിയുടെ സ്റ്റോറേജ് ഡാമായ ആനയിറങ്കൽ തുറക്കാൻ തീരുമാനിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് അണക്കെട്ടിലെ സ്ലൂയിസ് ഗേറ്റ് 40 സെന്റി മീറ്റർ തുറന്നത്. സെക്കൻഡിൽ 0.027 മില്യൻ ക്യുബിക് മീറ്റർ ജലമാണ് പുറത്തേക്കൊഴുകുന്നത്. ഇതോടെ വെള്ളം പന്നിയാർ പുഴയിലൂടെ ഒഴുകി പൊന്മുടി ഡാമിലേക്കെത്തി തുടങ്ങി. പൂപ്പാറ ടൗണിലൂടെയടക്കം ഈ വെള്ളം കടന്ന് വരുന്നുണ്ട്. വൈദ്യുതി വകുപ്പ് എ.ഇ. ഡോ. അനീഷ ബാലാജി, അസി. എൻജിനീയർമാരായ കെ.കെ. ലാലു, വി.എസ്. ശില്പ എന്നിവരുടെ നേതൃത്വത്തിലാണ് സ്ലൂയിസ് ഗെയിറ്റ് തുറന്നത്. 98 ശതമാനം വെള്ളമാണ് ആനയിറങ്കൽ അണക്കെട്ടിൽ അവശേഷിക്കുന്നത്.