നെടുങ്കണ്ടം: ആധുനിക കാലഘട്ടത്തിന്റെ മാറ്റങ്ങളെ പൂർണമായി ഉൾക്കൊണ്ടുകൊണ്ട് പുതിയ തലമുറയിലെ വിദ്യാർത്ഥികളെ ആധുനിക സംവിധാനങ്ങളുടെ പിൻബലത്തിൽ അറിവിന്റെ അനന്തവിഹായസിലേക്ക് കൈപിടിച്ചുയർത്താൻ പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിൽ ഹൈടെക് വെർച്വൽ റിയാലിറ്റി ക്ലാസ് മുറികളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. കൂടാതെ സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും സ്വന്തം രചനയായ അമൃതാക്ഷരങ്ങളുടെ പ്രകാശനവും നടന്നു. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ സ്വന്തമായി തയ്യാറാക്കിയ കൊച്ചുകഥകൾ, കവിതകൾ, യാത്രാവിവരണങ്ങൾ, ചിത്രങ്ങൾ മുതലായവ അവരുടെ സ്വന്തം പുസ്തകമായി മാറി. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള 300 ഓളം വരുന്ന മുഴുവൻ കുട്ടികളും സ്വന്തമായി തയ്യാറാക്കിയ പുസ്തകങ്ങളാണ് 'അമൃതാക്ഷരം". സ്‌കൂൾ മാനേജർ സജി ചാലിൽ അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബി.എഡ് കോളേജ് പ്രിൻസിപ്പലും കവിയുമായ രാജീവ് പുലിയൂർ പുസ്തക പ്രകാശനം നടത്തി. നെടുങ്കണ്ടം എ.ഇ.ഒ കെ. സുരേഷ് കുമാർ പഠന ക്ലാസ് നടത്തി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ജയകുമാർ മെമ്പർമാരായ സജോ നടയ്ക്കൽ, ലിനി, രാജേഷ്, ശാഖാ സെക്രട്ടറി മണിക്കുട്ടൻ എ.വി, യൂണിയൻ കമ്മിറ്റി അംഗമായ പി.കെ. ഷാജി, എം.പി.ടി.എ പ്രസിഡന്റ് ബിജി മരിയ ചാണ്ടി തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പ്രസന്നകുമാർ കൊല്ലം പറമ്പിൽ നന്ദി പറഞ്ഞു. യൂണിയൻ വനിതാ സംഘം പ്രവർത്തകർ, യൂത്ത് മൂവ്‌മെന്റ് പ്രവർത്തകർ, ശാഖാ അംഗങ്ങൾ, പി.ടി.എ, എം.പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.