roshy
ജില്ലയിലെ വന്യജീവി ആക്രമണങ്ങൾ നേരിടുന്നതിനുള്ള പ്രതിരോധപ്രവർത്തനങ്ങളും അനുബന്ധകാര്യങ്ങളും ചർച്ച ചെയ്യുന്നതിനായി കളക്ടറേറ്റിൽ സംഘടിപ്പിച്ച സർവകക്ഷി യോഗത്തിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സംസാരിക്കുന്നു.


*രാഷ്ട്രീയ നിരീക്ഷണ സമിതി രൂപികരിക്കും
*വന്യജീവികൾക്ക് വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും


ഇടുക്കി: ജില്ലയിൽ വന്യജീവിശല്യം തടയാനായുള്ള റാപിഡ് റെസ്‌പോൺസ് ടീമുകൾ കൂടുതൽ വിപുലീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലയിലെ വന്യജീവി ആക്രമണങ്ങളും അവ നേരിടുന്നതിനുള്ള പ്രതിരോധപ്രവർത്തനങ്ങളും അനുബന്ധകാര്യങ്ങളും ചർച്ച ചെയ്യുന്നതിനായി കളക്ടറേറ്റിൽ സംഘടിപ്പിച്ച സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ പത്ത് ആർ.ആർ.ടിയും, രണ്ട് സ്‌പെഷ്യൽ ടീമുകളുമാണ് ജില്ലയിലുള്ളത്. മൂന്നാറിലെ പടയപ്പയെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും പ്രത്യേക വനംവകുപ്പ് സംഘത്തെ നിയോഗിക്കും. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾക്കും മറ്റുമായി നിലവിലുള്ള വിവിധ ജാഗ്രതാസമിതികൾക്കു പുറമെ എം.പി,എം.എൽ.എ, എൽ.ഡി,എഫ്, യു.ഡി.എഫ്, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയപാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തി രാഷ്ട്രീയ നിരീക്ഷണ സമിതി രൂപികരിക്കും. ഹോട്‌സ്‌പോട് ഏരിയകൾ കണ്ടെത്തി വന്യമൃഗങ്ങൾക്ക് വനത്തിൽ തന്നെ ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തി തീരുമാനമെടുക്കും.

കൂടുതൽ സ്ഥലങ്ങളിൽ എ ഐ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജില്ലയുടെ അതിർത്തികൾ മനസിലാക്കി ദൂരം കണക്കാക്കി ഫെൻസിങ് സ്ഥാപിക്കും. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തിയും നബാഡിന്റെ ഫണ്ട് ഉപയോഗിച്ചും സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ സഞ്ചാരം സംബന്ധിച്ച് മുന്നറിയിപ്പുകൾ എസ്. എം. എസ് ആയും പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വനംവകുപ്പ് നൽകുന്നുണ്ട്. ഇത് കൂടുതൽ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ അഡ്വ.ഡീൻ കുര്യാക്കോസ് എം.പി., എം.എൽ.എമാരായ എം.എം. മണി, വാഴൂർ സോമൻ, അഡ്വ.എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു, ജില്ലാ കളക്ടർ ഷീബാ ജോർജ്, ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ, സബ് കളക്ടർമാരായ ഡോ. അരുൺ എസ് നായർ,വി.എം.ജയകൃഷ്ണൻ, സി.സി. എഫുമാരായ അരുൺ ആർ.എസ്., പി.പി. പ്രമോദ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ത്രിതലപഞ്ചായത്ത് പ്രതിനിധികൾ,വനംറവന്യു വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.