കട്ടപ്പന: ഹൈറേഞ്ചിലെ കട്ടപ്പന, പുളിയൻമല, ചേറ്റുകുഴി, കമ്പംമെട്ട് എന്നിവിടങ്ങളിലെ കപ്പേളകൾ സാമൂഹ്യ വിരുദ്ധർ തകർത്ത സംഭവം ഏറെ വേദനാജനകമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മതിവിശ്വാസങ്ങൾക്ക് അതീതമായി വിവിധ മതസമൂഹങ്ങൾ സഹവർത്തിത്വത്തോടു കൂടി ഒന്നിച്ചു കഴിയുന്ന ജനങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഇത്തരം പ്രവണതകളെ കൂട്ടായി ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചുരുക്കം ചില ആളുകളുടെ വികലമായ ചിന്തകളുടെ പ്രതിഫലനമാണ് ഇത്തരം ആക്രമണങ്ങൾ. കട്ടപ്പനയുടെയും ഹൈറേഞ്ചിന്റെയും മനസ്സ് എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചു നിർത്തുന്നതാണ്. അതിന് തടസ്സം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളെ ഒന്നിച്ച് അപലപിക്കേണ്ടതാണ്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ഇടുക്കി എസ്.പിക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.