paalam

പീരുമേട്: 2018 ലെ പ്രളയത്തിൽ ഒലിച്ചു പോയ മ്ലാമല ശാന്തി പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. പാലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
സ്‌കൂളിൽ എത്താനുള്ള കഷ്ടപ്പാടും ദുരിതവും വിവരിച്ചു ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് ഫലപ്രാപ്തിയിലെത്തിയതിന്റെ ചാരിതാർത്ഥ്യത്തിലാണ് മ്ലാമല ഫാത്തിമ മാതാ സ്‌കൂളിലെ വിദ്യാർത്ഥികൾ.

പാലത്തിന്റെ പണികൾക്കൊപ്പം 11 മീറ്റർ ഉയരത്തിൽ 80 മീറ്റർ നീളത്തിൽ നടപ്പാത ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് പാലം പണി പൂർത്തിയാക്കിയത് .പാലത്തിന്റെ രണ്ടുവശവുമുള്ള റോഡിന്റെ പണിയും പൂർത്തിയാക്കി. പെരിയാറിന്റെ ഇരു കരകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായിരുന്നു മുൻപ് ഇവിടെ ഉണ്ടായിരുന്ന പാലം അയ്യപ്പൻകോവിൽ ഏലപ്പാറ ,വണ്ടിപ്പെരിയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ആയിരുന്നു. മ്ലാമല പള്ളി വികാരി ഫാദർ മാത്യു ചെറു താനിക്കിന്റെ നേതൃത്വത്തിൽ1984 ൽ നാട്ടുകാർ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമ്മിച്ച പാലമായിരുന്നു ഇത്. ഈ പാലമാണ് 2018 ആഗസ്റ്റ് 15ലെ മഹാപ്രളയത്തിൽ ഒലിച്ചു പോയത്. തുടർന്ന് ജനങ്ങൾ വാഹനം കടന്നുപോകാൻ കഴിയുന്ന വിധത്തിൽ നാട്ടുകാർ ഒരു പാലം വീണ്ടും പണിതു. ഈ പാലവും അധിക കാലം നിലനിന്നില്ല.
പാലം പൂർത്തിയായതോടെ ആയിരത്തിലധികം കുടുംബങ്ങൾക്ക് പാലത്തിന്റെ ഗുണഭോക്താക്കളായി. ഏറെ നാളത്തെ കഷ്ടപ്പാടിനും, ദുരിതത്തിനും ഇതോടെ പരിഹാരമായി. വാഴൂർ സോമൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു മുഖ്യപ്രഭാഷണം നടത്തും.

കുട്ടികളുടെ കത്തും

കോടതിയുടെ ഇടപെടലും

2019ലെ പ്രളയത്തിൽ ഈ താൽക്കാലിക പാലവും ഒലിച്ചുപോയി. തുടർന്നാണ് മ്ലാമല ഫാത്തിമ മാതാ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ന് കുട്ടികൾക്ക് സ്‌കൂളിൽ എത്താനുള്ള ബുദ്ധിമുട്ടും പ്രയാസങ്ങളും കാണിച്ച് കത്തെഴുതിയത്. കത്ത് ഹർജിയായി പരിഗണിച്ച ചീഫ് ജസ്റ്റിസ് ജില്ലാ ജഡ്ജിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ലീഗൽ സർവ്വീസ് അതോറിറ്റി സ്ഥലം സന്ദർശിച്ച് നൽകിയ റിപ്പോർട്ടിന്റെ ആസ്ഥാനത്തിൽ അടിയന്തിരമായി പാലം പണിയാൻ സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. ഹൈക്കോടതി ഇടപ്പെട്ട് 16 മാസത്തിനുള്ളിൽ പാലം നിർമ്മിക്കണമെന്ന വിധിവന്നു. തുടർന്ന് നിർദ്ദേശം അംഗീകരിച്ച സർക്കാർ പാലം പണി ആരംഭിക്കുകയായിരുന്നു.