house2

തൊടുപുഴ: നിർദ്ധന രോഗിയുടെ കുടുംബത്തിനായി സുമനസുകളുടെ സഹായത്താൽ നിർമ്മിച്ച സ്‌നേഹ വീടിന്റെ താക്കോൽ ദാനം നടത്തി. വഴിത്തല സ്വദേശി അഭിലാഷിനും കുടുംബത്തിനുമാണ് സ്‌നേഹം ചാരിറ്റബിൾ ഗ്രൂപ്പ് എന്ന പേരിൽ തുടങ്ങിയ വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വപ്ന ഭവനം പണിത് നൽകിയത്.

ക്യാൻസർ ബാധിച്ചതോടെ ഇനിയൊരു വീട് നിർമ്മിക്കാനാവില്ലെന്ന നിരാശയിലായിരുന്നു അഭിലാഷ്. തന്റെ ഭാര്യക്കും കുട്ടിക്കും സുരക്ഷിതമായൊന്ന് അന്തിയുറങ്ങാൻ ഒരു വീടില്ലെന്ന വിഷമം അഭിലാഷ് തന്റെ സുഹൃത്തുക്കളായ ലിഗിൻ സൂര്യയോടും മനോജിനോടും പങ്കുവച്ചു. ഇവിടെ നിന്നാണ് അഭിലാഷിനായൊരു സ്‌നേഹ വീട് എന്ന ആശയമുണ്ടായത്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം മാർട്ടിൻ ജോസഫിന്റെയും അഭിലാഷിന്റെയും പേരിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങി. തുടർന്ന് സ്‌നേഹം ചാരിറ്റബിൾ ഗ്രൂപ്പ് എന്ന പേരിൽ 850 ഓളം പേരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുമുണ്ടാക്കി. തുടർന്ന് വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമായി സുമനസുകളുടെ സഹായം ഒഴുകിയെത്തുകയും വീട് പണി ആരംഭിക്കുകയുമായിരുന്നെന്ന് നിർമ്മാണ കമ്മറ്റി കൺവീനർ ലിഗിൻ സൂര്യ പറഞ്ഞു.

മൂന്ന് മാസം കൊണ്ട് 480 സ്‌ക്വയർ ഫീറ്റിൽ വീട് നിർമ്മാണം പൂർത്തിയായി. തുടർന്ന് വീട്ടുമുറ്റത്ത് സംഘടിപ്പിച്ച ചടങ്ങിൽ വച്ച് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് സുനി സാബു അഭിലാഷിന്റെ കുടുംബത്തിന് താക്കോൽ കൈമാറി.

പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എ.കെ ഭാസ്‌കരൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ മാർട്ടിൻ ജോസഫ്, ഗ്രാമപഞ്ചായത്തംഗം ആൻസി ജോജോ എന്നിവരും സ്‌നേഹം ചാരിറ്റബിൾ ഗ്രൂപ്പ് അംഗങ്ങളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.