മൂന്നാർ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള മൂന്നാർ ബൊട്ടാണിക്കൽ ഗാർഡന്റെ മൂന്നാംഘട്ട നിർമാണ പൂർത്തീകരണത്തിന്റെയും മുതിരപ്പുഴയോര സൗന്ദര്യവൽക്കരണ പദ്ധതിയുടെയും ഉദ്ഘാടനം ഇന്ന് ടൂറിസം ന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. വൈകിട്ട് 4 ന് ഡി റ്റി പി സി ഓഫീസിന് സമീപം നടക്കുന്ന പരിപാടിയിൽ രാജ എം.എൽ.എ എഅദ്ധ്യക്ഷത വഹിക്കും.
കുട്ടികൾക്കുള്ള കളിസ്ഥലം, ചെസ്‌കോർട്ട്, സ്‌നേക്ക് ലാഡർ, നടപ്പാത, ബോട്ട് ജെട്ടി വൈദ്യുതീകരണം എന്നിവയാണ് ബൊട്ടാണിക്കൽ ഗാർഡന്റെ മൂന്നാഘട്ട നിർമ്മാണത്തിൽ പൂർത്തീകരിച്ചിരിക്കുന്നത്. പഴയ മുന്നാറിൽ സ്ഥിതിചെയ്യുന്ന ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓഫീസിന്റെ പുറകിലുള്ള മുതിരപ്പുഴയോര സൗന്ദര്യവൽക്കരണ പദ്ധതിയിൽ കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ, ലൈറ്റിംഗ് തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. അഡ്വ. ഡീൻ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ കളക്ടർ ഷീബാ ജോർജ്, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി ബിജു. കെ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ പി. ബി നൂഹ്, എന്നിവർ പരിപാടിയിൽ പങ്കെടുക്കും.