
തൊടുപുഴ: യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. വണ്ണപ്പുറം ദർഭത്തൊട്ടി വേലംപറമ്പിൽ ജോബി ജോസഫിനെയാണ് (28) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം റിക്രൂട്ടിങ് സ്ഥാപനം നടത്തുകയായിരുന്നു ജോബി. ഒരു വർഷം മുമ്പ് യു.കെയിൽ ജോലി നൽകാമെന്ന് പറഞ്ഞ് മൂന്നുലക്ഷം രൂപ പരാതിക്കാരനിൽ നിന്ന് വാങ്ങി. ഏറെ നാളായിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് തുക തിരികെ ചോദിച്ചെങ്കിലും നൽകിയില്ല. തുടർന്നാണ് തൊടുപുഴ പൊലീസിൽ പരാതിപ്പെട്ടത്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. നിലവിൽ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെങ്കിലും മറ്റ് ജില്ലകളിൽ നിന്നുൾപ്പെടെ ഇരുപതോളം പരാതികൾ ജോബിക്കെതിരെ കിട്ടിയിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുമെന്നും സി.ഐ മഹേഷ്‌കുമാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു.