mlamalasanthipalam

പീരുമേട്: അഞ്ച് വർഷം കൊണ്ട് 100 പാലങ്ങളെന്ന സംസ്ഥാനസർക്കാരിന്റെ ലക്ഷ്യം രണ്ടേ മുക്കാൽ വർഷം കൊണ്ട് തന്നെ പൂർത്തീകരിക്കാനായതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിർമാണം പൂർത്തീകരിച്ച മ്ലാമലശാന്തിപ്പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പശ്ചാത്തല വികസനത്തിലെ അവിഭാജ്യഘടകങ്ങളാണ് പാലങ്ങൾ. കണക്ടിവിറ്റി വർധിപ്പിക്കാനും വികസനം സാദ്ധ്യമാക്കാനും പാലങ്ങളുടെ നിർമാണം ഒരു പ്രധാന പ്രവർത്തനമാണ്. ഈ സാഹചര്യത്തിലാണ് പാലങ്ങളുടെ നിർമാണം വേഗത്തിലാക്കുമെന്ന് എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞത്.
മ്ലാമല- ശാന്തിപ്പാലം പാലം ടൂറിസം മേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്നും പ്രദേശത്തിന്റെ പൊതുവായ വികസനത്തിന് ഏറെ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. ശാന്തിപ്പാലത്ത് സംഘടിപ്പിച്ച പ്രാദേശിക ഉദ്ഘാടന ചടങ്ങിൽ വാഴൂർ സോമൻ എം എൽ എ അധ്യക്ഷത വഹിച്ചു.
അയ്യപ്പൻകോവിൽ, വണ്ടിപ്പെരിയാർ പഞ്ചായത്തുകളെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർകുമളി പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. പെരിയാർ നദിയ്ക്കു കുറുകെയുണ്ടായിരുന്ന മ്ലാമലശാന്തിപ്പാലം 2018ലെ പ്രളയത്തിൽ തകർന്നപോയിരുന്നു. പുതിയപാലത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ കട്ടപ്പന ഭാഗത്തുനിന്ന് വരുന്നവർക്ക് മ്ലാമല, തേങ്ങാക്കൽ, വണ്ടിപ്പെരിയാർ പ്രദേശങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും.ഉദ്ഘാടന ചടങ്ങിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി, ത്രിതല തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവർപ്രസംഗിച്ചു.അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ സൂസൻ സാറ സാമുവൽ റിപ്പോർട്ട് അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് എൻജിനീയർ ഷാബു എം ടി സ്വാഗതവും അസിസ്റ്റന്റ് എൻജിനീയർ വിഷ്ണു കൃഷ്ണൻ നന്ദിയും പറഞ്ഞു.