ഇടുക്കി: പട്ടയം ലഭിക്കാത്തവരെ സംബന്ധിച്ച് വിവരശേഖരണം നടത്താനുള്ള സർക്കാർ തീരുമാനം നിലവിലെ അപേക്ഷകർക്ക് വിനയാകുമെന്ന് ആശങ്ക. ലക്ഷക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. അവയിൽ തീരുമാനം എടുക്കുന്നില്ല.അതിനിടെയാണ് പട്ടയം ലഭിക്കാത്തവരുടെ വിവരശേഖരണം. ഇത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പട്ടയനടപടികൾ തടസ്സപ്പെടുത്തുമെന്നാണ് നിലവിലെ പട്ടയ അപേക്ഷകരുടെ ആശങ്ക.

നിലവിൽ ഇരുപതിനായിരത്തിലധികം പട്ടയ അപേക്ഷകൾ വിവിധ റവന്യൂ ഓഫിസുകളിൽ ഉണ്ടെങ്കിലും ഇനിയും പട്ടയം ലഭിക്കാത്തവരുടെ കൃത്യമായ വിവരം സർക്കാരിന്റെ പക്കലില്ല. വിവര ശേഖരണമല്ല, പട്ടയം നൽകാനുള്ള അപേക്ഷകൾ സ്വീകരിക്കുകയാണ് വേണ്ടതെന്നാണ് വാദം. 1964ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം നൽകുന്നത് വിലക്കി കഴിഞ്ഞ ജനുവരി 10ന് ഹൈക്കോടതിയുടെ ഉത്തരവിറങ്ങിയിരുന്നു. അതിനു ശേഷം മൂന്ന് മാസമായിട്ടും കോടതിയുടെ വിലക്ക് മറികടക്കാൻ നടപടികളുണ്ടായിട്ടില്ല. ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങൾ, 3 ചെയിൻ, 10 ചെയിൻ മേഖലകൾ, ഭൂമി റജിസ്റ്ററിൽ ഏലം കൃഷിയെന്നു രേഖപ്പെടുത്തിയതു കൊണ്ടു പട്ടയം ലഭിക്കാത്ത തോപ്രാംകുടി മേഖല എന്നിവിടങ്ങളിലും ഷോപ്പ് സൈറ്റുകൾക്കും പട്ടയം നൽകുമെന്നാണ് അധികൃതരുടെ വാദം. എന്നാൽ 1993ലെ ചട്ടപ്രകാരം ഇവിടങ്ങളിൽ പട്ടയം നൽകണമെങ്കിൽ മുൻ ഉത്തരവുകളിലും നിയമങ്ങളിലും ഭേദഗതിയും സർക്കാരിന്റെ അനുമതിയും ആവശ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു.

10 ചെയിൻ മേഖലകളിൽ പട്ടയം നൽകുന്നതും നിയന്ത്രണമില്ലാത്തതും മണ്ണൊലിപ്പിന് കാരണമാകുമെന്നും അതുമൂലം ജലസംഭരണിയുടെ സംഭരണശേഷി കുറയുമെന്നതിനാൽ ഇക്കാര്യം കൂടുതൽ അവധാനതയോടെ കൈകാര്യം ചെയ്യണമെന്നും 2019 ജനുവരി 29ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കുകയോ, സർക്കാർ പുതിയ ഉത്തരവ് ഇറക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. ഭൂമി രജിസ്റ്ററിൽ ഏലം കൃഷിയെന്ന് രേഖപ്പെടുത്തിയതിനാൽ തോപ്രാംകുടി മേഖലയിലെ ഒട്ടേറെ കർഷകർക്ക് പട്ടയം നൽകുന്നതിന് നിയമ തടസ്സമുണ്ട്. നിയമ ഭേദഗതിയിലൂടെ മാത്രമേ ഇവിടെ പട്ടയവിതരണം നടത്താൻ കഴിയൂ. ഷോപ്പ് സൈറ്റുകളുടെ പട്ടയവും നിയമക്കുരുക്കിലാണ്. 1993ലെ ചട്ടപ്രകാരം വീടിനൊപ്പം ചെറിയ കടമുറിക്കും പട്ടയം നൽകാൻ വ്യവസ്ഥയുണ്ട്. പക്ഷേ ഈ കടമുറിയുടെ വിസ്തീർണം സംബന്ധിച്ച് ചട്ടത്തിൽ നിർവചനമില്ല. അതിനാൽ ഇക്കാര്യത്തിലും നിയമഭേദഗതി കൊണ്ടുവരേണ്ടതുണ്ട്.

വിവരശേഖരണം

നാളെ അവസാനിക്കും

1977 ജനുവരി ഒന്നിനു മുമ്പായി വനഭൂമിയിൽ കുടിയേറിയവർക്ക് വിവിധ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം നൽകാനായി ലാൻഡ് റവന്യൂ കമ്മിഷണറുടെ ഉത്തരവനുസരിച്ച് വില്ലേജ് ഓഫീസുകൾ വഴി നടത്തുന്ന വിവരശേഖരണം നാളെ അവസാനിക്കും. സംയുക്ത പരിശോധനാ (ജോയിന്റ് വെരിഫിക്കേഷൻ) പട്ടികയിൽ ഉൾപ്പെടാതെ പോയവർ, സംയുക്ത പരിശോധന നടക്കാത്ത സ്ഥലങ്ങളിലുള്ളവർ, ഇതുവരെ പട്ടയത്തിന് അപേക്ഷ നൽകാത്തവർ എന്നിവരുടെ സമഗ്ര വിവര ശേഖരണമാണ് റവന്യൂ വകുപ്പ് നടത്തുന്നത്. വിവരശേഖരണം പൂർത്തിയാകുന്നതോടെ പട്ടയ പ്രശ്‌നങ്ങൾ പരിഹരിക്കാനും പട്ടയവിതരണം വേഗത്തിൽ പൂർത്തിയാക്കാനും കഴിയുമെന്നാണ് റവന്യൂ വകുപ്പിന്റെ വിലയിരുത്തൽ.