
മൂന്നാർ: ശമ്പളം കിട്ടാത്തതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ മൂന്നാർ ഡിപ്പോയിൽ തലകുത്തി നിന്നു പ്രതിഷേധിച്ചു. ബി.എം.എസ് യൂണിയൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.എസ്. ജയകുമാറാണ് (45) വ്യത്യസ്ത പ്രതിഷേധസമരം നടത്തിയത്. എല്ലാ മാസവും അഞ്ചാം തീയതിക്കകം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ചായിരുന്നു തലകുത്തി സമരം. ഡ്രൈവിംഗ് സീറ്റിലെ കുഷ്യൻ തറയിലിട്ട് അതിൽ തലകുത്തി നിന്നായിരുന്നു പ്രതിഷേധം. യൂണിയനിൽപ്പെട്ട മറ്റ് രണ്ട് ജീവനക്കാർ കൊടിയും പ്ലക്കാർഡുമേന്തി പ്രതിഷേധത്തിന് പിന്തുണ നൽകി. 10 മിനിട്ടിലധികം നേരം തലകുത്തി പ്രതിഷേധം നീണ്ടു. ബാങ്ക് ലോണുകളും മറ്റ് എടുത്ത ജീവനക്കാർ കൃത്യമായി ഘടു അയ്ക്കാനാകാതെ ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം പറയുന്നു. മൂന്നാർ ഉദുമൽപേട്ട റൂട്ടിലെ ഡ്രൈവറായ ജയകുമാർ അടിമാലി ആയിരം ഏക്കർ സ്വദേശിയാണ്.