
അറക്കുളം: പന്ത്രണ്ടാം മൈലിലെ പണിക്കർ തോട്ടിൽ ചൊവ്വാഴ്ച രാത്രി മാലിന്യം തള്ളി. റോഡരികിൽ വണ്ടി നിർത്തി തോട്ടിലേക്ക് മാലിന്യം തുറന്ന് വിട്ട നിലയിലാണ്. തോട് നിറഞ്ഞ് മാലിന്യം 500 മീറ്റർ താഴെയുള്ള ആറ്റിലേക്കെത്തിയിട്ടുണ്ട്. ഇവിടെ നിന്നാണ് അറക്കുളത്ത് എല്ലായിടത്തും വെള്ളം എത്തിക്കുന്ന വാട്ടർ അതോറിട്ടിയുടെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്. 25 വർഷക്കാലമായി ഫിൽറ്റർ ചെയ്യാതെ പുഴയിലെ വെള്ളം നേരിട്ട് പമ്പ് ചെയ്തു വരികയാണ്. ആഴ്ചകളായി മോട്ടർ തകരാർ മൂലം നിറുത്തിവച്ചിരുന്ന പബ്ബിങ്ങ് ചൊവ്വാഴ്ച രാവിലെ ആറ് മുതൽ പുനരാരംഭിച്ചിരുന്നു. മാലിന്യം കലർന്ന വെള്ളമാണ് ഇന്നലെ കാലത്ത് മുതൽ
പബ്ബ് ചെയ്തിട്ടുള്ളത്.
തോടിന് ചേർന്നുള്ള നഴ്‌സറിയിൽ തോട്ടിലെ വെള്ളം പബ്ബ് ചെയ്താണ് സാധാരണ ചെടികൾ നനച്ചിരുന്നത്. പൂച്ചെടികൾ നനച്ചപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് തോട് നിറഞ്ഞ് മാലിന്യം കിടക്കുന്നത് കണ്ടത്. ഉടൻ വിവരം സമീപവാസിയായ പഞ്ചായത്ത് മെമ്പർ വേലുക്കുട്ടനെ അറിയിച്ചു. വേലുക്കുട്ടൻ അറിയിച്ചതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു ജോസഫ്, പഞ്ചായത്ത് സെക്രട്ടറി സുബൈർ, ആരോഗ്യ വകുപ്പിൽ നിന്ന് ജെ.എച്ച്.ഐ
അനീഷ്, ആശാവർക്കർ ബീനജ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ആരോഗ്യ വകുപ്പിൽ നിന്ന് ബ്ലീച്ചിങ്ങ് പൗഡർ എത്തിച്ച് അജീഷ്, സോജി എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. കാഞ്ഞാർ പൊലീസിൽ പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുമ്പും തള്ളിയിട്ടുണ്ട്
മുൻ കാലങ്ങളിലും ഇതേപോലെ മറ്റ് ജില്ലകളിൽ നിന്നും കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ അറക്കുളത്ത് പലയിടങ്ങളിലും ടാങ്കർ ലോറിയിൽ കൊണ്ട് വന്ന് തള്ളിയ സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് മാലിന്യം തള്ളിയവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു.