മുട്ടം: ബൈക്ക് മോഷ്ടിച്ച കേസിൽ പ്രായപൂർത്തികാത്ത മൂന്ന് പേരുൾപ്പെടെ നാല് പേർ പൊലീസ് പിടിയിലായി. മുട്ടം സ്വദേശി മഠത്തിപ്പറമ്പിൽ വീട്ടിൽ മെൽബിൻ മധുവടക്കം (19) നാല് പേരാണ് പിടിയിലായത്. ചള്ളാവയൽ സ്വദേശി മുഹമ്മദിന്റെ വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന സ്‌പ്ലെണ്ടർ ബൈക്കാണ് തിങ്കളാഴ്ച രാത്രി മോഷണം പോയത്. ഉടമയായ മനു മുട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ പി.സി.ടി കോളനിക്ക് സമീപം മൂന്ന് പേർ ഇതേ ബൈക്കിൽ സഞ്ചരിക്കുന്നത് നാട്ടുകാർ കണ്ട് തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരാൾ കൂടി പിടിയിലായി. മുട്ടം പൊലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ ജുവൈനൽ കോടതിയിലും മെൽബിനെ ഇടുക്കി കോടതിയിലും ഹാജരാക്കി.
ബൈക്ക് വിറ്റ് പണം സമ്പാദിക്കുക എന്നതായിരുന്നു പ്രതികളുടെ ഉദ്ദേശമെന്ന് മുട്ടം പൊലീസ് പറഞ്ഞു.